അജ്മാനിലെ ബഹുനില റസിഡൻഷ്യൽ കെട്ടിടത്തിൽ വൻ തീപിടിത്തം. ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലെ അൽ നയീമിയ 15 നില കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. 16 ഫ്ലാറ്റുകൾ കത്തിനശിച്ചു. 13 കാറുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഉടൻതന്നെ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് അധികൃതർ തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. തീപിടിത്തമുണ്ടായ ഉടൻ ഫ്ലാറ്റിൽ നിന്ന് താമസക്കാരെ മുഴുവനും മാറ്റാൻ സാധിച്ചതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. എന്നാൽ ഫ്ലാറ്റുകളിലെ സാധനസാമഗ്രികളെല്ലാം കത്തിനശിച്ചു. കെട്ടിടത്തിൽ കൂളിങ് പ്രക്രിയ നടത്തിവരുന്നതായും അഗ്നിബാധയുടെ കാരണം അന്വേഷിക്കുന്നതായും പൊലീസ് ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ മേജർ അബ്ദുല്ല സെയ്ഫ് അൽ മഭൂഷി ഫറഞ്ഞു.
ഇന്ത്യക്കാരടക്കം നിരവധി പ്രവാസികൾ ഇവിടെ താമസിക്കുന്നുണ്ട്. കെട്ടിടത്തിലെ അഗ്നിബാധയുടെ വീഡിയോയും ചിത്രങ്ങളും അജ്മാൻ പൊലീസ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു. പാർപ്പിട സമുച്ഛയങ്ങൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങളിൽ അഗ്നി സുരക്ഷാ സംവിധാനങ്ങൾ കർശനമായും പാലിക്കണമെന്ന് പൊലീസ് നിർദേശിച്ചു.