തൊഴിൽ തേടി ഗൾഫിലേക്ക് പോകുന്ന പ്രവാസികൾക്ക് വിസയുടെ ആധികാരികത ഉറപ്പാക്കാനുള്ള നൂതന സംരംഭമായ ‘എക്സ്പാറ്റ് ഗൈഡ്’ പ്രവർത്തനം ആരംഭിച്ചു. ആദ്യഘട്ടത്തിൽ യുഎഇ വിസയുടെ ആധികാരികത ഉറപ്പുവരുത്താൻ സഹായിക്കുന്ന രീതിയിലാണ് സംവിധാനം ആരംഭി ച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്തു. തെറ്റായ വിസയുടെയും മറവിൽ പ്രവാസികളെ ചൂഷണം ചെയ്യുന്നത് തടയുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ഗൾഫ് രാജ്യങ്ങളിലെത്തുന്ന ഇന്ത്യക്കാരുടെ വിസയിലും മറ്റു അവശ്യരേഖകളിലുമുള്ള അപാകതകളാൽ നിയമനടപടികൾക്ക് വിധേയമാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വ്യക്തിഗത വിവരങ്ങൾ ഓൺലൈനായി നൽകിയാൽ വിസയുടെ ആധികാരികത ഗൈഡ് വഴി ഉറപ്പുവരുത്താം. വിസയുമായി ബന്ധപ്പെട്ട ഡിപ്പാർട്മെന്റുമായി സഹകരിച്ചാണ് ഈ ഡിജിറ്റൽ പദ്ധതി നടപ്പാക്കുന്നത്. https://www.holidaymakers.com/index.php /visa/visa_verification_form എന്ന ലിങ് വഴി ഗൾഫ് മേഖലയിലേയ്ക്ക് നാട്ടിൽനിന്ന് പുറപ്പെടുന്നതിന് മുമ്പ്തന്നെ വിസയുടെ ആധികാരികത ഉറപ്പുവരുത്താൻ സാധിക്കും.