അബുദാബിയിൽ നിന്ന് കാണാതായ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കരുംകുളം പുതിയതുറ അഴങ്കൽ പുരയിടം ഡിക്സൺ സെബാസ്റ്റ്യനാണ് (26) മരിച്ചത്. ദുബായിലെ പാലത്തിൽ നിന്ന് വീണ് മരിച്ച നിലയിലാണ് ഡിക്സനെ കണ്ടെത്തിയത്.
ഷെയ്ഖ് സായിദ് റോഡിൽ സാബിൽ റോഡിനടുത്തെ പാലത്തിൽ നിന്ന് വീണ് മരിച്ചതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞതായി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു. ദുബായ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും. കഴിഞ്ഞ 3 മാസമായി ഡിക്സനെ കാണാതായിട്ട്. ഇതോടെ ഡിക്‌സനെ പൊലീസും ബന്ധുക്കളും ചേർന്ന് അന്വേഷിച്ചുവരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.
അബുദാബി മുസഫ ശാബിയ ഒമ്പതിൽ ഇലക്ട്രോണിക്സ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഡിക്സൺ. കഴിഞ്ഞ വർഷം ഡിസംബറിലാണ് ഡിക്‌സൻ ജോലിക്കായി അബുദാബിയിലെത്തിയത്. കഴിഞ്ഞ മേയ് 15 മുതലാണ് 26-കാരനായ ഡിക്സനെ കാണാതായത്. നാട്ടിലുള്ള മാതാപിതാക്കളെയും സഹോദരങ്ങളെയും ഫോണിൽ ബന്ധപ്പെടാറുള്ള ഡിക്സന്റെ ഫോൺകോളുകൾ വരാതായതോടെയാണ് യുവാവിനെ കുടുംബം അന്വേഷിച്ച് തുടങ്ങിയത്.