അവധിക്ക് നാട്ടിലേക്ക് പോകാനായി ദമാം വിമാനത്താവളത്തിലെത്തിയ മലയാളി യുവാവ് മരണപ്പെട്ടു. പെരിന്തൽമണ്ണ ആനമങ്ങാട് പാലോളിപ്പറമ്പ് മാണിക്കത്തൊടി മുഹമ്മദ് ശിഹാബാണ് (38) ദമാം വിമാനത്താവളത്തിൽ വെച്ച് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കുള്ള ഇൻഡിഗോ വിമാനത്തിൽ നാട്ടിലേക്ക് പുറപ്പെടാൻ എത്തിയതായിരുന്നു ശിഹാബ്. എന്നാൽ എമിഗ്രേഷനിൽ പരിശോധിച്ചപ്പോഴാണ് എക്‌സിറ്റ്-റീ എൻട്രി അടിച്ചിരുന്നില്ലെന്ന് മനസിലായത്. ഇതോടെ റീ എൻട്രി അടിച്ചുവരാൻ എമിഗ്രേഷൻ ഉദ്യോഗസ്ഥൻ നിർദ്ദേശിച്ചത് അനുസരിച്ച് സ്പോൺസറെ വിളിക്കാൻ പുറത്തേക്ക് പോയതായിരുന്നു ശിഹാബ്.
ഇതിനിടെ വിമാനത്താവളത്തിൻ്റെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. എന്നാൽ എന്താണ് സംഭവിച്ചത് എന്നത് സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. അതേസമയം, നാട്ടിലേക്ക് വരുന്ന വിവരം ഭാര്യയും കുടുംബാംഗങ്ങളെയും വിളിച്ച് ശിഹാബ് അറിയിക്കുകയും ചെയ്തിരുന്നു.