എമിറേറ്റ്സ് ഗ്രൂപ്പ് ജീവനക്കാർക്ക് തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ ഇളവ് അനുവദിച്ച് യുഎഇ. അതിനാൽ എമിറേറ്റ്സ് ഗ്രൂപ്പ് ജീവനക്കാർക്ക് ഇൻഷുറൻസ് എടുക്കുന്നതിന് ഇനി സ്വമേധയാ തീരുമാനമെടുക്കാാൻ സാധിക്കും. എമിറേറ്റ്സ് എയർലൈൻ വക്താവാണ് ഇത് സംബന്ധിച്ച വിവരം അറിയിച്ചത്.
എമിറേറ്റ്സ് ഗ്രൂപ്പിന്റെ കമ്പനികളായ ദുബായിലെ ഫ്ലാഗ് എയർലൈനായ എമിറേറ്റ്സിലെയും എയർപോർട്ട് സർവീസ് കമ്പനിയായ ഡിനാറ്റയിലെയും ജീവനക്കാർക്കാണ് തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിലെ ഇളവ് അനുവദിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് 2022-23 സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ എമിറേറ്റ്സ് ഗ്രൂപ്പിന്റെ ജീവനക്കാരുടെ എണ്ണം 85,219 ജീവനക്കാരിൽ നിന്ന് 102,379 ആയി ഉയർന്നിരുന്നു.
സ്വകാര്യ മേഖലയിലും ഫ്രീ സോണുകളിലും ഫെഡറൽ ഗവൺമെന്റ് സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാർ 2023 ജനുവരി 1 മുതൽ ഇൻവോലന്ററി ലോസ് ഓഫ് എംപ്ലോയ്മെന്റ് സ്കീമിൽ വരിക്കാരാകുന്നത് യുഎഇ നിർബന്ധമാക്കിയിരുന്നു. ജൂൺ 30-നകം വരിക്കാരാകാത്തവർക്ക് 400 ദിർഹം പിഴ ചുമത്തുമെന്നും 90 ദിവസത്തിനുള്ളിൽ കുടിശിക അടയ്ക്കാത്തവർക്ക് 200 ദിർഹം അധിക പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു.