ഇത്തിഹാദ് റെയിൽ അബുദാബിയിൽ നിന്ന് അൽദന്നയിലേക്ക് ആദ്യ പാസഞ്ചർ യാത്ര നടത്തി. വ്യവസായ, നൂതന സാങ്കേതികത മന്ത്രിയും അഡ്‌നോക് എംഡിയും ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവുമായ ഡോ. സുൽത്താൻ അൽ ജാബറും കന്നിയാത്രയിൽ പങ്കെടുത്തു.
റൂട്ട് പ്രവർത്തനക്ഷമമായാൽ രാജ്യത്തെ പൗരന്മാർക്കും വിദേശികൾക്കും അബുദാബിയിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള അൽ ദന്നയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യാൻ സാധിക്കും. അബുദാബി സിറ്റിക്കും അൽദന്ന സിറ്റിക്കും ഇടയിലുള്ള പാസഞ്ചർ റെയിൽ സർവീസുകളുടെ വികസനം യുഎഇയുടെ വ്യാപാര, വ്യവസായ, ഉല്പാദന, ലോജിസ്‌റ്റിക്സ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കുമെന്ന് സുൽത്താൻ അൽ ജാബർ പറഞ്ഞു.
പരിസ്ഥിതി മലിനീകരണം ഗണ്യമായി കുറയ്ക്കുന്നതിനും ചരക്ക് സേവനങ്ങൾക്കപ്പുറം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിലും അടിസ്ഥാന സൗകര്യ വികസനത്തിലും പദ്ധതി സുപ്രധാന പങ്കുവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ യുഎഇയുടെ പാസഞ്ചർ റെയിൽ സർവീസ് എപ്പോൾ ആരംഭിക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ദേശീയാടിസ്ഥാനത്തിൽ ചരക്ക് സേവനം 2023 ഫെബ്രുവരിയിൽ ആരംഭിച്ചിരുന്നു.