ഹജ്ജിന് മുന്നോടിയായി മക്കയിലേയ്ക്ക് പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് മുതൽ ഹജ്ജ് ഉംറ പെർമിറ്റോ വർക്ക് പെർമിറ്റോ ഇല്ലാത്തവർക്ക് പ്രവേശനം അനുവദിക്കില്ലെന്ന് പൊതു സുരക്ഷാ വിഭാഗം അറിയിച്ചു. ഈ ആഴ്ച മുതൽ മക്കയിലേക്ക് ഹാജിമാർ എത്തുന്ന സാഹചര്യം കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഹജ്ജ് പെർമിറ്റ്, ഉംറ പെർമിറ്റ്, മക്ക ഇഖാമ, മക്കയിൽ ജോലിയുള്ളവർക്ക് നൽകുന്ന പ്രത്യേക പെർമിറ്റ് എന്നിവയില്ലാത്തവർക്ക് മക്കയിലേക്ക് പ്രവേശനം അനുവദിക്കില്ല. അതേസമയം ഈ സീസണിൽ മക്കയിലേക്ക് പ്രവേശിക്കുന്നതിന് പ്രവാസികൾ ഉൾപ്പെടെയുള്ളവർക്കുള്ള എൻട്രി പെർമിറ്റുകൾ ഓൺലൈനിൽ ലഭ്യമാക്കിയിട്ടുണ്ട്. മക്ക ആസ്ഥാനമായുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കാണ് ഇത്തരത്തിൽ അനുമതി നൽകുന്നത്. അറഫ മിന മുസ്‌ദലിഫ ഉൾപ്പെടെയുള്ള പുണ്യ സ്ഥലങ്ങളിൽ സീസണൽ ഹജ്ജ് ഡ്യൂട്ടിയുള്ളവർക്കും പെർമിറ്റ് ലഭിക്കും.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ അബ്ഷിർ, മുഖീം പോർട്ടലുകൾ വഴിയാണ് അനുമതി നൽകുന്നത്. ഉംറ വിസയിൽ സൗദിയിലെത്തിയവർ മടങ്ങേണ്ട അവസാന തിയതി ജൂൺ ആറാണ്. ഇതിന് ശേഷം മക്കയിലേക്ക് ഹാജിമാരല്ലാത്തവർക്കും ഹജ്ജ് ജോലിയില്ലാത്തവർക്കും ശക്തമായ നിയന്ത്രണവുമുണ്ടാകും. ഇന്ത്യൻ ഹാജിമാരുടെ ആദ്യ സംഘം ഈ മാസം ഒൻപതിനാണ് മക്കയിലെത്തുക.