യുഎഇ പൗരന്മാർക്കായി ഈ വർഷം സ്വകാര്യ മേഖലയിൽ 13,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രി. ചൊവ്വാഴ്ച ചേര്‍ന്ന ഫെഡറൽ നാഷണൽ കൗൺസിലില്‍ 13,193 യുഎഇ പൗരന്‍മാര്‍ക്ക് തൊഴില്‍ നല്‍കുന്ന സംരംഭത്തിന് അംഗീകാരം നല്‍കിയതായും മന്ത്രി അബ്ദുൾറഹ്മാൻ ബിൻ അബ്ദുൾ മനൻ അൽ അവാർ പറഞ്ഞു. സ്ത്രീകൾക്കും പുരുഷന്‍മാര്‍ക്കും തൊഴിലവസരങ്ങൾ തുറന്നുകൊടുക്കും.
സ്വകാര്യമേഖലയിൽ എമിറാത്തി പൗരന്മാരെ നിയമിക്കുന്നതിൽ മന്ത്രാലയം എത്രത്തോളം എത്തിയെന്ന് എഫ്എൻസി അംഗം ഉബൈദ് ഖൽഫാൻ അൽ ഗൗൾ അൽ സലാമി ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 75,000 പൗരന്‍മാരെ സ്വാകാര്യ മേഖലയിൽ ജോലി ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന അമ്പത് പദ്ധതികൾ കഴിഞ്ഞ നവംബറില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എമിറേറ്റികളുടെ എണ്ണം 2 ശതമാനത്തിൽ നിന്ന് 10 ശതമാനമായി ഉയർത്തുന്നതിനുള്ള ഫെഡറൽ പ്രോഗ്രാമായ ‘നഫീസ്’ ഫെഡറൽ നാഷണൽ കൗൺസിലില്‍ ഉദ്യോഗസ്ഥർ അനാവരണം ചെയ്തു. 24 ബില്യൺ ദിർഹം ചെലവിൽ 13 പദ്ധതികളും വികസന സംരംഭങ്ങളും ഉൾക്കൊള്ളുന്നതാണ് നഫീസെന്ന് ഉദ്യോസ്ഥര്‍ വ്യക്തമാക്കി
അഞ്ച് വർഷത്തേക്ക് പ്രതിമാസം 5,000 ദിർഹം വരെ ശമ്പളം വാഗ്‌ദാനം ചെയ്യുന്ന പദ്ധതികളും ഇതിൽ ഉൾപ്പെടുന്നുണ്ട്. തൊഴില്‍ രഹിതര്‍ക്കും ബിരുദ വിദ്യാർത്ഥികൾക്കും സ്റ്റാർട്ടപ്പുകൾ ആരംഭിക്കാനുളള സഹായങ്ങളും ലഭ്യമാക്കും. സ്വകാര്യ മേഖലയില്‍ കുറഞ്ഞ ചിലവില്‍ വൈദഗ്ധ്യമുളള സ്വദേശികളെ നിയമിക്കുന്നതിനും സര്‍ക്കാര്‍ അവസരങ്ങൾ ഒരുക്കിയിട്ടുണ്ട്.