ദുബായിൽ നിന്നുള്ള ചെക്ക്-ഇൻ സേവനം താൽക്കാലികമായി നിർത്തിവെച്ച് എമിറേറ്റ്സ് എയർലൈൻ. മഴക്കെടുതി മൂലമുള്ള പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ചെക് ഇന്നുകൾ താത്കാലികമായി നിർത്തിവെച്ചത്. നാളെ (ഏപ്രിൽ 20) രാവിലെ ദുബായ് സമയം 3.59 വരെയാണ് സേവനങ്ങൾ നിർത്തിവെച്ചിരിക്കുന്നത്.
കണക്ഷൻ ഫ്ളൈറ്റിൽ യാത്ര ചെയ്യുന്നവരുടെ ഫ്ളൈറ്റ് ദുബായിൽ നിന്ന് ഈ സമയത്തിന് ശേഷം പുറപ്പെടുകയാണെങ്കിൽ മാത്രമേ യാത്ര പുറപ്പെടുന്ന വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ എമിറേറ്റ്സ് എയർലൈനിൽ പ്രവേശിപ്പിക്കുകയുള്ളു. എന്നാൽ അവസാന ലക്ഷ്യസ്ഥാനമായി ദുബായിൽ എത്തുന്നവർക്ക് സാധാരണ പോലെ ചെക്ക്-ഇൻ ചെയ്ത് യാത്ര ചെയ്യാനും സാധിക്കും.
ഉപഭോക്താക്കൾക്ക് ഇവിടെ നിന്നും യാത്ര പുറപ്പെടുന്നതിനും എത്തിച്ചേരുന്നതിനും കാലതാമസം പ്രതീക്ഷിക്കാമെന്നും ഫ്ളൈറ്റുകളുടെ പ്രവർത്തനം സംബന്ധിച്ച വിവരങ്ങൾക്ക് http://emirat.es/flightstatus എന്ന വൈബ്സൈറ്റ് പരിശോധിക്കാൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഉപഭോക്താക്കൾ റീബുക്കിംഗ് ഓപ്ഷനുകൾക്കായി അവരുടെ ബുക്കിംഗ് ഏജൻ്റുമായോ എമിറേറ്റ്സ് ഓഫീസുമായോ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.