യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത മഴയേത്തുടർന്നുണ്ടായ പ്രളയത്തിൽ നിരവധി വിമാനങ്ങളാണ് റദ്ദാക്കിയത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളായി അത്യാവശ്യങ്ങൾക്ക് പോലും വിമാന യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു നിവാസികൾ. എമിറേറ്റ്സ് എയർലൈനിന്റെ 200-ഓളം വിമാനങ്ങളാണ് സർവ്വീസ് നിർത്തിവെച്ചത്. ഇതോടെ ഇന്ന് ഒരു തുറന്ന കത്തിലൂടെ യാത്രക്കാരോട് ക്ഷമാപണം നടത്തിയിരിക്കുകയാണ് എമിറേറ്റ്സ് സിഇഒ ടിം ക്ലാർക്ക്.
കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ് കഴിഞ്ഞ ദിവസം യുഎഇയിൽ പെയ്തത്. ശക്തമായ മഴയും കാറ്റും ആലിപ്പഴ വർഷവും മൂലം വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളും താറുമാറായിരുന്നു. ഇതോടെ എമിറേറ്റ്സ് എയർലൈനിന്റെ നിരവധി വിമാനങ്ങൾ വഴി തിരിച്ചുവിടുകയും 200-ഓളം വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തിരുന്നു. കൂടാതെ സർവ്വീസ് നടത്തിയ വിമാനങ്ങൾ വൈകുകയും ചെയ്തിരുന്നു. അതിനാൽ എമിറേറ്റ്സിനെ യാത്രയ്ക്കായി തിരഞ്ഞെടുത്ത എല്ലാവരോടും ക്ഷമ ചോദിക്കുന്നു എന്നാണ് എയർലൈൻ സിഇഒ വ്യക്തമാക്കിയത്.
വെള്ളപ്പൊക്കത്തേത്തുടർന്ന് റോഡുകളിൽ വെള്ളം നിറഞ്ഞതിനാൽ പൈലറ്റുമാർ, ക്യാബിൻ ക്രൂ, എയർപോർട്ട് ജീവനക്കാർ എന്നിവർക്ക് വിമാനത്താവളത്തിലെത്താനും സാധിച്ചില്ല. ദുബായിലെ എമിറേറ്റിന്റെ ഹബ്ബ് 24 മണിക്കൂറും തുറന്നിരുന്നെങ്കിലും ജീവനക്കാരുടെയും മറ്റ് അവശ്യ വസ്തുക്കളുടെയും കുറവ് വെല്ലുവിളിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇപ്പോൾ എയർലൈനിന്റെ പ്രവർത്തനം സാധാരണ ഗതിയിലായിട്ടുണ്ടെന്നും കൂടെ നിന്ന എല്ലാ യാത്രക്കാർക്കും നന്ദി പറയുന്നതായും അദ്ദേഹം കത്തിൽ വ്യക്തമാക്കി.