ദിനംപ്രതി യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിനേത്തുടർന്ന് പുതിയ എയർബസും ബോയിംഗ് ജെറ്റുകളും ഓർഡർ ചെയ്യാനൊരുങ്ങിയിരിക്കുകയാണ് എമിറേറ്റ്സ് എയർലൈൻസ്. 2030 ഓടെ എമിറേറ്റ്സ് എയർലൈൻസ് കൂടുതൽ എയർബസ് A 350, ബോയിംഗ് 777 എക്സ് അല്ലെങ്കിൽ 787 ജെറ്റുകൾ ഓർഡർ ചെയ്യുമെന്ന് എമിറേറ്റ്സ് പ്രസിഡന്റ് ടിം ക്ലാർക്ക് പറഞ്ഞു.
2025ന്റെ അവസാനത്തോടെ ഓർഡർ ചെയ്ത ആദ്യ വിമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ആഗോള എയർലൈൻ മീറ്റിംഗിൽ പങ്കെടുക്കവെയാണ് അദ്ദേഹം കമ്പനിയുടെ പുതിയ തീരുമാനം മാധ്യമപ്രവർത്തകരോട് പങ്കിട്ടത്. വാങ്ങാനുദ്ദേശിക്കുന്ന വിമാനങ്ങളുടെ എണ്ണം എത്രയാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
യാത്രക്കായി എമിറേറ്റ്സ് എയർലൈൻസിനെ ആശ്രയിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കമ്പനി ഉയർന്ന വാർഷിക ലാഭം നേടിയതായി കഴിഞ്ഞ മാസം അധികൃതർ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് ജീവനക്കാർക്ക് വൻതുക ബോണസായും പ്രഖ്യാപിച്ചിരുന്നു.