ഇസ്രയേലിലേക്കുള്ള എല്ലാ സർവീസുകളും നിർത്തിവെച്ച് എമിറേറ്റ്സ് എയർലൈൻ. ഗാസയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് എമിറേറ്റ്സ് എയർലൈൻ ഇസ്രയേലിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ നിർത്തിവെച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സർവ്വീസ് ഉണ്ടാകില്ലെന്നാണ് ദുബായ് ആസ്ഥാനമായ എമിറേറ്റ്സ് കമ്പനി അധികൃതർ വ്യക്തമാക്കിയത്.
യാത്രക്കാരുടെ സുരക്ഷയെ മുൻനിറുത്തിയാണ് ഈ തീരുമാനം. ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലേക്കും തിരിച്ചുമുള്ള സർവ്വീസുകൾ കഴിഞ്ഞ ഒക്ടോബർ 20 വരെ നിർത്തിവെച്ചതായി എമിറേറ്റ്സ് തുടക്കത്തിൽ പ്രഖ്യാപിക്കുകയും പിന്നീട് അത് ഒക്ടോബർ 26 വരെ നീട്ടുകയും ചെയ്തിരുന്നു. തുടർന്ന് ഈ മാസം 30 വരെയും താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും സർവ്വീസുമായി ബന്ധപ്പെട്ട് കമ്പനി അറിയിപ്പ് നൽകിയിരിക്കുന്നത്. ഇസ്രയേലിലേയ്ക്ക് എമിറേറ്റ്സിൻ്റെ മൂന്ന് വിമാനങ്ങളാണ് ദിവസേന സർവീസ് നടത്തിയിരുന്നത്.
സർവീസ് നിർത്തിവച്ചതിനാൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് റീഫണ്ടുകൾ, റദ്ദാക്കലുകൾ അല്ലെങ്കിൽ അവരുടെ യാത്രകൾ റീ ബുക്ക് ചെയ്യാനുള്ള സൗകര്യം തുടങ്ങിയവയ്ക്കായി ബുക്കിങ് ഏജന്റുമാരുമായി ബന്ധപ്പെടാൻ കമ്പനി നിർദേശിച്ചു. ഇസ്രയേലിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും അധികാരികളുമായി ബന്ധപ്പെടുകയും ചെയ്യുന്നതായി എമിറേറ്റ്സ് അധികൃതർ വെബ്സൈറ്റിൽ വ്യക്തമാക്കിയിരുന്നു.