അമേരിക്കൻ ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ലൂസിഡ് സൗദിയിലെ ഫാക്ടറിയിൽ നിർമ്മിച്ച ആദ്യ കാറുകൾ ലേലത്തിൽ വിൽക്കുന്നു. പത്ത് ലക്ഷം റിയാൽ മുതലാണ് ലേല തുക ആരംഭിക്കുന്നത്. ഔദ്യോഗിക പ്ലാറ്റ്ഫോം ആയ സെവൻ കാർ ലോഞ്ച് പ്ലാറ്റ്ഫോം (സെവൻ വേൾഡ് ഡോട്ട്കോം) വഴിയാണ് ഡിജിറ്റൽ ലേലം നടക്കുക. ലേലത്തിലൂടെ ലഭിക്കുന്ന തുക സൗദിയിലെ ഡൗൺ സിൻഡ്രം ചാരിറ്റബിൾ അസോസിയേഷന് സംഭാവന നൽകാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.
കിങ്ഡം ഡ്രീം എഡിഷൻ എന്ന് പേരിട്ട 93 ലൂസിഡ് എയർ കാറുകളാണ് സൗദി വിപണിയിൽ മാത്രം വിൽക്കാനായി ഒരുക്കിയിരിക്കുന്നത്. പ്രത്യേക പതിപ്പിൽപ്പെട്ട ഒന്നാം നമ്പർ കാറിന്റെ ലേലം നാളെ രാത്രി 9 മണിക്ക് ആരംഭിച്ച് നവംബർ 11-ന് രാത്രി 11 മണിക്ക് അവസാനിക്കും. 93-ാം നമ്പർ കാറിന്റെ ലേലം ഈ മാസം 10-ന് ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിച്ച് 12-ന് വൈകിട്ട് അഞ്ച് മണിക്ക് അവസാനിക്കും. ലക്ഷ്വറി ഗോൾഡൻ കളർ, 21 ഇഞ്ച് ടയറുകൾ തുടങ്ങിയവ ഈ കാറുകളുടെ സവിശേഷതകളാണ്.
ജിദ്ദയ്ക്ക് സമീപം റാബിഗ് കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലാണ് ലുസിഡ് ഇലക്ട്രിക് കാർ ഫാക്ടറി സ്ഥിതിചെയ്യുന്നത്. സൗദിയിലെ ആദ്യത്തെ ഇലക്ട്രിക് കാർ ഫാക്ടറിയും ലൂസിഡ് കമ്പനി അമേരിക്കയ്ക്ക് പുറത്ത് സ്ഥാപിക്കുന്ന ആദ്യത്തെ കാർ ഫാക്ടറിയുമാണിത്.