സൌദിയിൽ പെരുന്നാള്‍ നമസ്കാരത്തിന് പളളികളിലും ഈദ് ഗാഹുകളിലും ആവശ്യമായ ഒരുക്കങ്ങൾ നടത്തണമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയത്തിൻ്റെ നിർദേശം. സുര്യോദയത്തിന് പതിനഞ്ച് മിനുട്ടിന് ശേഷം പെരുന്നാൾ നമസ്കാരം നടത്താനുളള സൌകര്യങ്ങളാണ് ഒരുക്കേണ്ടത്. ഇസ്ലാമിക കാര്യ മന്ത്രി ഷെയ്ഖ് അബ്ദുൽ ലത്തീഫ് ആലും ശൈഖാണ് നിർദേശം ഇത് സംബന്ധിച്ച് നൽകിയത്. മന്ത്രാലയത്തിൻ്റെ എല്ലാ ശാഖകൾക്കും സർക്കുലർ അയച്ചു.
പള്ളികൾക്ക് പുറമേ ചില പട്ടണങ്ങളിലെയും ഗ്രാമ പ്രദേശങ്ങളിലേയും തുറന്ന പ്രാർത്ഥനാ മൈതാനങ്ങളിലും ഈദ് നമസ്‌കാരം നടത്താൻ അനുമതിയുണ്ട്. എന്നാൽ സാധാരണയായി പെരുന്നാൾ നമസ്കാരങ്ങൾക്ക് ഉപയോഗിക്കാത്ത പള്ളികൾക്ക് ഇളവുണ്ടെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
പെരുന്നാൾ ദിവസം വിശ്വാസികൾക്ക് പ്രാർത്ഥന സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ വരാനും പോകാനുമുള്ള സൌകര്യങ്ങൾ ഒരുക്കേണ്ടത് പ്രധാനമാണ്. ശുചീകരണ പ്രവർത്തനങ്ങളും അനിവാര്യമാണ്. മാലിന്യ രഹിതവും സുരക്ഷിതവുമായ ഈദ് ഗാഹുകളും പള്ളികളും പ്രാർത്ഥനക്ക് സജ്ജമാക്കണമെന്നും മന്ത്രി നിർദേശിച്ചു.