പരിസ്ഥിതി സൗഹാര്‍ദ്ദ പദ്ധതിയുടെ ഭാഗമായി സൗജന്യ ബസ് യാത്ര. അബുദാബിയിലാണ് സൗജന്യ ബസ് യാത്രയ്ക്ക് നൂതന സംവിധാനം ഏര്‍പ്പെടുത്തിയത്. പ്ളാസ്റ്റിക് കുപ്പികൾ റീസൈക്കിൾ ചെയ്യാന്‍ നിക്ഷേപിക്കുന്നതിലൂടെ പോയിന്‍റുകൾ ലഭ്യമാവുകയും ഈ പോയിന്‍റുകൾ ബസ് ടിക്കറ്റായി മാറുകയും ചെയ്യുന്നതാണ് രീതി.
അബുദാബിയിലെ പ്രധാന ബസ് ടെർമിനലില്‍ സ്ഥാപിച്ചിട്ടുളള റിവേഴ്സ് വെൻഡിംഗ് മെഷീനിലാണ് കുപ്പികൾ നിക്ഷേപിക്കേണ്ടത്. . 600 മില്ലിവരെ ഭാരമുളള കുപ്പികൾക്ക് ഒരു പോയിന്റും അതിൽ കൂടുതലുള്ള കുപ്പികൾക്ക് രണ്ട് പോയിൻ്റും ലഭിക്കും. ഓരോ പോയിന്റിനും 10 ഫിൽസ് മൂല്യമാണ് കണക്കാക്കുന്നത്. അതായത് പത്ത് പോയിന്റുകൾ നേടിയാല്‍ ഒരു ദിര്‍ഹം ലഭ്യമാകും. ഈ പോയിന്റുകൾ ഗതാഗത വിഭാഗത്തന്‍റെ ഓട്ടോമേറ്റഡ് സിസ്റ്റത്തിലൂടെ ബസ് കാര്‍ഡിലെ പണമായി കണക്കാക്കുകയാണ് ചെയ്യുന്നത്.
അബുദാബിയിലെ കുറഞ്ഞ ബസ് നിരക്ക് രണ്ട് ദിര്‍ഹമാണ്. കൂടുതല്‍ ഇടങ്ങളില്‍ വെന്‍ഡിംഗ് മിഷനുകൾ സ്ഥാപിച്ച് പദ്ധതി വിപുലപ്പെടുത്താനാണ് നീക്കം. ഈ വര്‍ഷം മാർച്ച് ആരംഭിച്ച പദ്ധതിയുടെ ഭാഗമായി 70,000 പ്ലാസ്റ്റിക് കുപ്പികൾ റീസൈക്കിൾ ചെയ്തതായി അബുദാബി ഗതാഗത വിഭാഗം വ്യക്തമാക്കി. സമാനമായ പദ്ധതികളിലൂടെ പരിസ്ഥിതി സംരക്ഷണ സന്ദേശം ശക്തമാക്കുമെന്നും അധികൃതര്‍ സൂചിപ്പിച്ചു.