ഗൾഫ് -പശ്ചമേഷ്യന്‍ മേഖലില്‍ പൊടിക്കാറ്റ് രൂക്ഷം. യുഎഇയില്‍ ഉൾപ്പെടെ അന്തരീക്ഷത്തില്‍ പൊടിപടലം നിറഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. പൊടിക്കാറ്റ് ദൂരക്കാഴ്ചയെ സാരമായി ബാധിക്കുമെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അരകിലോമീറ്ററില്‍ താഴെയാണ് യുഎഇയില്‍ ദൃശ്യപരത.
എന്നാല്‍ പൊടിക്കാറ്റ് വിമാന സര്‍വ്വീസുകളെ ബാധിച്ചിട്ടില്ലെന്ന് ദുബായ് എയര്‍പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി. കഴിഞ്ഞ ദിവസം കുവൈറ്റ് വിമാനത്താവളത്തില്‍ സര്‍വ്വീസുകൾ പൊടിക്കാറ്റുമൂലം മാറ്റിവച്ചിരുന്നു. ഇറാഖിനെ പൊടിക്കാറ്റ് സാരമായി ബാധിച്ചു. വിവിധ ദിവസങ്ങളിലായി 4000 പേരാണ് ശ്വസകോശ ബുദ്ധിമുട്ട് അനുഭവപ്പെട്ട് ആശുപത്രികളിലായത്. ഇതിനിടെ സൗദിയില്‍ 88 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. കുവൈറ്റിലും ഇറാഖിലും സ്കൂളുകൾക്ക് അവധി നല്‍കിയിട്ടുണ്ട്.
പൊടിക്കാറ്റ് വീശുന്നത് ചൂട് കൂടുന്നതിന്‍റെ തുടക്കമാണെന്നാണ് നിഗമനം. വാഹനമോടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ശ്വാസകോശ രോഗങ്ങൾക്കെതിരേ ജാഗ്രത വേണമെന്നും നിര്‍ദ്ദേശമുണ്ട്.