റമാദാനോട് അനുബന്ധിച്ച് ദുബായിലെ ഗതാഗത വിഭാഗമായ ആർടിഎ സന്നദ്ധ പ്രവർത്തനങ്ങളുമായി രംഗത്ത്. വിവിധ സംഘടനകളുമായി സഹകരിച്ച് നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ആർടിഎ പുറത്തുവിട്ടു. ഡ്രൈവർമാർ, തൊഴിലാളികൾ, താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾ, മുതിർന്ന പൗരന്മാർ എന്നിവർക്ക് പ്രയോജനം ചെയ്യുന്ന പരിപാടികളാണ് ലക്ഷ്യമിടുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി.
ഇസ്ലാമിക് അഫയേഴ്‌സ് ആൻ്റ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്റിൻ്റ് സഹകരണത്തോടെ പ്രതിദിനം 1,330 എന്ന നിരക്കിൽ 40,000 ആളുകൾക്ക് ഭക്ഷണം വിതരണം ചെയ്യാൻ ലക്ഷ്യമിടുന്ന ‘മീൽസ്-ഓൺ-വീൽസ്’ പദ്ധതി,
500 പ്രീപെയ്ഡ് നോൾ കാർഡുകളുടെ വിതരണം, അൽ ഇഹ്‌സാൻ ചാരിറ്റി അസോസിയേഷൻ്റെ ഏകോപനത്തോടെ നടക്കുന്ന ‘റമദാൻ അമൻ’ കാമ്പെയ്‌നിൻ്റെ 9-ാമത് എഡിഷൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ബെയ്ത്ത് അൽ ഖൈർ സൊസൈറ്റി, എമിറേറ്റ്സ് സൊസൈറ്റി ഫോർ പാരൻ്റ്സ് കെയർ ആൻഡ് റിലീഫ് സംരംഭം എന്നിവയുടെ ഏകോപനത്തോടെ നടക്കുന്ന ഇഫ്താർ സംരംഭത്തിൽ നൂറിലധികം പ്രീപെയ്ഡ് നോൾ കാർഡുകളും വിതരണം ചെയ്യും. മാനുഷികവും സാമൂഹികവുമായ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകാൻ എല്ലാവരെയും പ്രാപ്തരാക്കുന്ന മതപരവും സാമൂഹികവുമായ പരിപാടിയായാണ് റമദാനോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്നതെന്നും ആർടിഎ മേധാവികൾ അറിയിച്ചു.