ഹരിത ടാക്സി സങ്കല്‍പ്പത്തിന് പുതിയ തുടക്കവുമായി ദുബായ്. 2027 ആകുമ്പോഴേക്കും ദുബായ് ടാക്സികൾ പൂർണമായും പരിസ്ഥിതി സൗഹൃദമാക്കാന്‍ നീക്കം. വൈദ്യുതി, ഹൈഡ്രജൻ, ഹൈബ്രിഡ് വാഹനങ്ങളിലേക്കാണ് ടാക്സികൾ മാറുകയെന്നും ദുബായ് ഗതാഗത വകുപ്പ് വ്യക്തമാക്കി.
ദീര്‍ഘ വീക്ഷണത്തോടെയുളള പദ്ധതികൾ നടപ്പാക്കാന്‍ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും നിർദേശിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നീക്കമെന്ന് ഗതാഗത വിഭാഗം പ്രതികരിച്ചു. ഊർജ ഉപയോഗം പരമാവധി കുറച്ച് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പു വരുത്താനുളള ചുവടുവയ്പ്പാണിതെന്ന് ദുബായ് ആർടിഎ ഡയറക്ടർ ജനറൽ മാത്തർ അൽ തായർ വ്യക്തമാക്കി.
നിലവില്‍ 72 ശതമാനം ടാക്സികളും പരിസ്ഥിതി സൗഹൃദമാണ്. ആകെ 8,221 ഹൈബ്രിഡ് വാഹനങ്ങളാണ് ആർടിഎക്ക് കീഴിലുളളത്. 2027 ആകുമ്പോഴേക്കും നൂറ് ശതമാനം വാഹനങ്ങളും ഹൈബ്രിഡ് നിരയിലേക്ക് മാറ്റാനാകുമെന്നും ആര്‍ടിഎ സൂചിപ്പിച്ചു. ഇതിനായി പത്ത് ശതമാനം വീതം ഓരോ വര്‍ഷവും ഹൈബ്രിഡ് വാഹനങ്ങളാക്കി മാറ്റും.
രാജ്യത്തെ പൊതുഗതാഗതം 2050 ആകുമ്പോഴേക്ക് പൂര്‍ണമായും പരിസ്ഥിതി സൗഹാര്‍ദ്ദമാക്കും. ഇതുവഴിയുള്ള അന്തരീക്ഷ മലനീകരണം പൂജ്യത്തിലേക്ക് എത്തിക്കാനാകുമെന്നുും അധികൃതര്‍ സൂചിപ്പിച്ചു. ദുബായില്‍ 2008 മുതല്‍ ആരംഭിച്ച പരിസ്ഥിതി സൗഹൃദ വാഹന പദ്ധതിയാണ് പുതിയ വേഗത കൈവരിക്കുന്നത്.