ഡ്രോൺ യൂണിറ്റുകൾ വർദ്ധിപ്പിക്കാനൊരുങ്ങി ദുബായ് പൊലീസ്. ഈ വർഷം അവസാനത്തോടെ ഡ്രോൺ യൂണിറ്റുകളുടെ എണ്ണം ആറിൽ നിന്ന് എട്ടായി ഉയർത്തി ദുബായ് പൊലീസിന്റെ ഡ്രോൺ ബോക്സ് സംരംഭം മെച്ചപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം.
എമിറേറ്റിലെ പൊതു സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പൊലീസിന് പെട്ടെന്ന് ചെന്നെത്താൻ സാധിക്കാത്ത സ്ഥലങ്ങളിലുൾപ്പെടെ മുഴുവൻ സമയവും നിരീക്ഷണം ശക്തമാക്കാനാണ് ദുബായ് പൊലീസിന്റെ തീരുമാനം. അതേസമയം, ഡ്രോണിന്റെ എണ്ണം കൂട്ടുന്നതിനാൽ താമസക്കാരുടെ സ്വകാര്യത ലംഘിക്കപ്പെടില്ലെന്നും അധികൃതർ വ്യക്തമാക്കി.
2021-ൽ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ആദ്യമായി ഡ്രോൺ ബോക്‌സ് സംവിധാനം ആരംഭിച്ചത്. അടിയന്തര സംഭവങ്ങൾ വേഗത്തിൽ അറിയുന്നതിനും അതിവേഗം പരിഹരിക്കുന്നതിനുമാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്‌തത്.