ദുബായിക്ക് പുതിയൊരു മുഖം സമ്മാനിച്ച മെട്രോ ഇന്ന് 15-ാം വാർഷികം ആഘോഷിക്കുകയാണ്. 15-ാം പിറന്നാൾ ദിനത്തിൽ ദുബായ് മെട്രോയ്ക്ക് ആശംസ നേർന്നിരിക്കുകയാണ് യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. കൃത്യനിഷ്‌ഠ, ഗുണനിലവാരം എന്നിവയുടെ മികച്ച ഉദാഹരണമാണ് ദുബായ് മെട്രോയെന്നും ഈ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചതിന് ജീവനക്കാർക്ക് നന്ദി അറിയിക്കുന്നതായും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.
2009 സെപ്റ്റംബർ 9-നാണ് ദുബായ് മെട്രോ ആദ്യയാത്ര നടത്തിയത്. പിന്നീടിങ്ങോട്ടുള്ള നീണ്ട 15 വർഷത്തിനിടെ 43 ലക്ഷം ട്രിപ്പുകളിലായി 240 കോടി പേരാണ് ദുബായ് മെട്രോയിൽ യാത്ര ചെയ്‌ത്. തുടക്ക കാലത്ത് യാത്രക്കാരുടെ എണ്ണം പ്രതിദിനം 20,000 ആയിരുന്നു. എന്നാൽ ഇപ്പോൾ അത് 7.3 ലക്ഷമായി ഉയർന്നു എന്നത് അഭിമാനകരമാണ്. സുസ്ഥിര ഗതാഗതത്തിന്റെ ആഗോള മാതൃകയെന്ന നിലയിൽ മെട്രോ അവതരിപ്പിച്ച ദുബായ് റോഡ് ഗതാഗത അതോറിറ്റിക്ക് (ആർടിഎ) ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം നന്ദി അറിയിച്ചു.
വാർഷികാഘോഷത്തോട് അനുബന്ധിച്ച് സുവനീറായി പ്രത്യേക നോൽ കാർഡ് യാത്രക്കാരിലേയ്ക്കെത്തിക്കും. 2009നും 2023നും ഇടയിൽ സെപ്റ്റംബർ 9ന് ജനിച്ചവർക്കായി ദുബായ് ലെഗോ ലാൻഡിൽ 21ന് മെട്രോ ബേബീസ് എന്ന പേരിൽ പ്രത്യേക ആഘോഷം സംഘടിപ്പിക്കും. ഈ വർഷങ്ങളിൽ ജനിച്ച കുട്ടികളുടെ മാതാപിതാക്കൾക്ക് www.rta.ae എന്ന വെബ്സൈറ്റിൽ രജിസ്‌റ്റർ ചെയ്യാം.
ആഘോഷങ്ങളുടെ സ്പോൺസർമാരിൽ ഒരാളായ ഇഗ്ലു ഐസ്ക്രീം മെട്രോ ജന്മദിന സ്പെഷ്യൽ ഐസ്ക്രീം വിപണിയിൽ ഇറക്കും. ദുബായ് മെട്രോയുടെ രൂപത്തിൽ ഇറക്കുന്ന അയ്യായിരത്തോളം ഐസ്ക്രീമിലെ കമ്പുകളിൽ ചിലതിൽ പ്രത്യേക കോഡ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കോഡ് ലഭിക്കുന്നവർക്ക് ആർടിഎ ഇറക്കുന്ന നോൽ ടെർഹാൾ ഡിസ്‌കൗണ്ട് കാർഡ് നേടാം. സെപ്റ്റംബർ 21 മുതൽ 27 വരെ മെട്രോ സ്‌റ്റേഷനുകളിൽ ബ്രാൻഡ് ദുബായ് സംഗീത പരിപാടികളും സംഘടിപ്പിക്കും. വാർഷികാഘോഷത്തോട് അനുബന്ധിച്ച് എമിറേറ്റ്സ് പോസ്റ്റ് പ്രത്യേക സ്റ്റാമ്പും ഇറക്കും.