പ്രവർത്തന മേഖലയിൽ വീണ്ടും ഉയർച്ച കൈവരിച്ച് ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടർ അതോറിറ്റി (ദീവ). 2024-ന്റെ ആദ്യപാദത്തിൽ 5.8 ബില്യൺ ദിർഹം വരുമാനവുമായി ദീവ കുതിപ്പ് തുടരുന്നത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 6.7 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2024ലെ ഒന്നാം പാദത്തിൽ 65.1 കോടി ദിർഹമാണ് ദീവയുടെ അറ്റാദായം കണക്കാക്കിയിട്ടുള്ളത്. കഴിഞ്ഞ വർഷം ഒന്നാം പാദത്തിലെ 76.3 കോടി ദിർഹത്തിൽ നിന്ന് അറ്റാദായത്തിൽ കുറവുണ്ട്. എന്നാൽ ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ പ്രവർത്തന ലാഭം 11.6 ശതമാനം ഉയർന്ന് 99.5 കോടി ദിർഹമായിട്ടുണ്ട്.
ദുബായിയുടെ വികസനത്തിന് ആക്കം കൂട്ടുന്ന നിരവധി പദ്ധതികളാണ് ഇതിനോടകം വൈദ്യുതി, ജലവിതരണ ചുമതലയുള്ള ദീവ നടപ്പിലാക്കിയിരിക്കുന്നത്. അതിൽ പ്രധാനപ്പെട്ടതാണ് സൗരോർജം ഉപയോഗിച്ച് കടൽവെള്ളം ശുദ്ധീകരിക്കുന്ന വലിയ പ്ലാന്റ്. 2026-ൽ പുതിയ പ്ലാന്റ് പൂർത്തിയാകുന്നതോടെ ഉൽപാദനശേഷി പ്രതിദിനം 670 ഗാലണായി ഉയരും. 2030-ഓടെ സൗരോർജവും മാലിന്യങ്ങളിൽ നിന്നുള്ള ഊർജവും ഉപയോഗിച്ച് 100 ശതമാനം ഉപ്പുവെള്ളവും ശുദ്ധീകരിക്കാനാണ് ദീവ ലക്ഷ്യമിടുന്നത്.