ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നോര്‍ത്തേണ്‍ റണ്‍വേ താത്കാലികമായി അടച്ചു. ഇന്ന് മുതല്‍ 45 ദിവസത്തേക്കാണ് അടച്ചത്. റണ്‍വേയുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയാക്കി ജൂണ്‍ 22ന് ശേഷമേ നോര്‍ത്തേണ്‍ റണ്‍വേ തുറന്നുകൊടുക്കൂ എന്ന് എയര്‍പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി. അതേസമയം ഭാഗീകമായി വിമാനത്താവളം പ്രവര്‍ത്തിക്കുമെന്നും അതോറിറ്റി അറിയിച്ചു.
2014ല്‍ ആണ് ഇതിന് മുമ്പ് നോര്‍ത്തേണ്‍ റണ്‍വേയില്‍ അറ്റകുറ്റപണികൾ നടത്തിയത്. ഇക്കുറി 1,60,000 ടണ്‍ ടാര്‍ ചെയ്ത മേല്‍പ്രതലവും 30000 ക്യുബിക് മീറ്റര്‍ കോണ്‍ക്രീറ്റും മാറ്റും, 4400 റണ്‍വേ ലൈറ്റുകൾ , 264 കിലോമീറ്റര്‍ കേബിളുകൾ എന്നിവയാണ് പ്രധാനമായും മാറ്റുക.
റണ്‍വേ അടച്ചിടലിന്‍റെ ഭാഗമായി വിമാനസര്‍വ്വീസുകളുടെ സമയത്തിലും എണ്ണത്തിലും മാറ്റമുണ്ടാകുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ദിവസങ്ങൾക്ക് മുമ്പ് തന്നെ അറിയിച്ചിരുന്നു. വിമാനങ്ങൾ സമീപ എയര്‍പോര്‍ട്ടുകളിലേക്ക് വഴിതിരിച്ചുവിടുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. ഇതു സംബന്ധിച്ച അറിയിപ്പുകൾ വിമാനകമ്പനികളും പുറത്തുവിട്ടിരുന്നു. സമയമാറ്റം സംബന്ധിച്ചും സര്‍വ്വീസുകൾ സംബന്ധിച്ചും വിമാനകമ്പനികൾ യാത്രക്കാരെ അറിയിച്ചിട്ടുണ്ട്.
ആഴ്ചയില്‍ ആയിരത്തോളം വിമനസര്‍വ്വീസുകൾ ദുബായ് വേൾഡ് ട്രേഡ് സെന്ററിലേക്ക് പുനക്രമീകരിച്ചുണ്ട്. എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ചില സര്‍വ്വീസുകൾ ഷാര്‍ജയിലേക്കും മാറ്റി. ഇന്ത്യയ്ക്കുപുറമെ വിവധ രാജ്യങ്ങളിലേക്കുളള വിമാനസര്‍വ്വീസുകളിലും മാറ്റമുണ്ട്. ഇതോടെ ഷാര്‍ജ ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ടിലും ദുബായ് വേൾഡ് ട്രേഡ് സെന്‍റര്‍ – അല്‍ മക്തൂം എയര്‍ പോര്‍ട്ടിലും തിരക്കേറുമെന്നാണ് റിപ്പോര്‍ട്ടുകൾ. അതേസമയം ദുബായ് എയര്‍പോര്‍ട്ടിലെത്തുന്ന യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് അല്‍മക്തൂം എയര്‍ പോര്‍ട്ടിലേക്ക് ബസ് സര്‍വ്വീസുകൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്.