ആത്മ വിശുദ്ധിയുടെ നിറവില്‍ പുണ്യമാസത്തിന് പരിസമാപ്തിയാകുകയാണ്. ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമായി 30 ദിവസം നോമ്പ് നോറ്റ് ഇസ്ലാം മതവിശ്വാസികൾ ചെറിയ പെരുന്നാളിനെ വരവേൽക്കാനൊരുങ്ങി. നോമ്പിലൂടെ നേടിയെടുത്ത ആത്മചൈതന്യം ജീവിതത്തില്‍ പുലര്‍ത്തുമെന്ന പ്രഖ്യാപനത്തോടെയാണ് ഓരോ വിശ്വാസിയും പെരുന്നാളിനായി കാത്തിരിക്കുന്നത്. നാളെയോ മറ്റന്നാളോ പെരുന്നാൾ വന്നെത്തുമെന്നതിനാൽ തയ്യാറെടുപ്പുകളെല്ലാം പൂർത്തിയാക്കുന്ന തിരക്കിലാണ് യുഎഇയിലെ ഇസ്ലാം മതവിശ്വാസികൾ.
പെരുന്നാളിന്റെ വരവറിയിച്ച് ആകാശത്ത് തെളിയുന്ന ചന്ദ്രക്കല ഇന്ന് യുഎഇയിൽ ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് ചന്ദ്രക്കല കണ്ടാൽ നാളെ ആയിരിക്കും രാജ്യത്ത് ചെറിയ പെരുന്നാൾ ആഘോഷിക്കുക. അല്ലെങ്കിൽ മറ്റന്നാൾ ആയിരിക്കും ഈദ് അൽ ഫിത്തർ ആഘോഷിക്കുക. കടുത്ത ചൂടിന് മുന്നിൽ തളരാതെ ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ നോമ്പ് അനുഷ്ഠിച്ചാണ് വിശ്വാസികൾ ചെറിയ പെരുന്നാൾ ദിനത്തിനായി കാത്തിരിക്കുന്നത്.
ഈ പുണ്യകാലത്തിന് സമാപനമാകുമ്പോൾ നന്മയുടെയും സന്തോഷത്തിന്റെയും പുതിയ ജീവിതത്തിനാണ് തുടക്കമാകുന്നത്. വീട്ടിലെയും പള്ളികളിലെയും ഈദ്ഗാഹിലെയും പ്രാർത്ഥനകളിൽ പങ്കെടുത്ത ശേഷം പരസ്പരം ആലിംഗനം ചെയ്തും സൗഹൃദം പുതുക്കിയും ഒരോ വിശ്വാസിയും സ്നേഹം ഊട്ടിയുറപ്പിക്കും.
പെരുന്നാളിനെ വരവേൽക്കാനായി യുഎഇ ഇതിനോടകംതന്നെ ഒരുങ്ങിക്കഴിഞ്ഞു. മൈലാഞ്ചി മൊഞ്ചും പുതുവസ്ത്രങ്ങളുടെ പകിട്ടും ആഘോഷത്തിന് നിറംപകരും. വ്യാപാര കേന്ദ്രങ്ങളിൽ പെരുന്നാൾ ആഘോഷത്തിനുള്ള സാമഗ്രികൾ വാങ്ങുന്നതിനുള്ള വലിയ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. യുഎഇയിൽ പെരുന്നാൾ ആഘോഷിക്കാനായി ഇന്ന് മുതൽ ഒരാഴ്ചത്തെ അവധിയാണ് ജീവനക്കാർക്ക് നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ബന്ധങ്ങൾ വളർത്താനുള്ള കൂട്ടായ്മകൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസികൾ.