നവംബർ 30 മുതൽ ഡിസംബർ 12 വരെ ദുബായ് എക്‌സ്‌പോ സിറ്റിയിൽ നടക്കുന്ന ലോക കാലാവസ്ഥ വ്യതിയാന ഉച്ചകോടിക്ക് (COP28)മുന്നോടിയായി അവലോകനയോഗം ചേർന്ന് യുഎഇ ഭരണാധികാരികൾ. പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ വിലയിരുത്തിയത്.
ഒരേ മനസ്സോടെ മികച്ച ഭാവിക്കായി എന്ന സന്ദേശം നടപ്പിലാക്കാൻ ആഗോള പങ്കാളികളോട് ഇരു നേതാക്കളും ആഹ്വാനം ചെയ്തു.COP28ൽ സമൂഹത്തിൻ്റെ എല്ലാ മേഖലകളിൽ നിന്നുമുള്ള രാജ്യവ്യാപകമായ പങ്കാളിത്തം ഉണ്ടാകണമെന്ന് യുഎഇ പ്രസിഡൻ്റ് നിർദ്ദേശിച്ചു. സമ്മേളനത്തിൻ്റെ മുന്നോടിയായി സർക്കാർ, സ്വകാര്യ മേഖലകൾ മുതൽ അക്കാദമിക്, സിവിൽ സമൂഹം വരെയുള്ള പങ്കാളികളെ പ്രോത്സാഹിപ്പിക്കുന്നതിന് ഉന്നത സമിതിയോട് ആഹ്വാനം ചെയ്തു.
യുഎഇയുടെ സുസ്ഥിര വികസനവും കാലാവസ്ഥാ പ്രവർത്തനവും വർത്തമാന തലമുറയ്ക്കും ഭാവി തലമുറയ്ക്കും രാജ്യത്തിൻ്റെ സമ്പത് വ്യവസ്ഥക്കും അഭിവാജ്യഘടകമാണെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു. കാലാവസ്ഥ ഉച്ചകോടിയുടെ ആഗോള കൺവീനർ എന്ന നിലയിൽ മുൻഗാമികളുടെ നിലപാടിന് അനുസൃതമായി പ്രോത്സാഹനങ്ങൾ തുടരണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
കാലാവസ്ഥാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സുസ്ഥിരവും നൂതനവുമായ അവസരങ്ങളാണ് യുഎഇ ഒരുക്കുന്നതെന്ന് ശൈഖ് മുഹമ്മദ് ബിൻ റാഷിദും പറഞ്ഞു. ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ മേൽനോട്ടത്തിലാണ് ഉച്ചകോടിയുമായി ബന്ധപ്പെട്ട ഉന്നത സമിതി പ്രവർത്തിക്കുന്നത്.മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.