രാജ്യത്തെ പുതിയ പാര്‍ലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനം സവര്‍ക്കറുടെ ജന്മവാര്ഷിക ദിനമായ മെയ് 28ന് നടത്താനുളള കേന്ദ്രസർക്കാർ നീക്കത്തിനെതിരേ രാജ്യവ്യാപകമായി വിമർശനം ഉയരുന്നു. രാജ്യത്തിൻ്റെ സ്ഥാപക നേതാക്കളെ അപമാനിക്കുന്ന തരത്തിലുളള നീക്കമാണെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.
മെയ് 28ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പുതിയ പാലമെൻ്റ് മന്ദിരം ഉദ്ഘാടനം ചെയ്യുക. പാര്‍ലമെൻ്റ് ഉദ്ഘാടന ദിവസം വിഡി സവര്‍ക്കറുടെ 140ആം ജന്മവാര്‍ഷികദിനം കൂടിയാണെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പരസ്യമായി പറഞ്ഞിരുന്നു. പിന്നാലെയാണ് കോൺഗ്രസ് നേതാക്കളും പ്രതിഷേധം അറിയിച്ച് രംഗത്തുവന്നത്. ഗാന്ധിജി, നെഹ്റു, പട്ടേല്‍, സുഭാഷ് ചന്ദ്രബോസ് എന്നിവരെയെല്ലാം നിരാകരിക്കുന്നതിന് സമാനമാണ് നീക്കമെന്നാണ് ആക്ഷേപം.
കോൺഗ്രസിന് പുറമെ എഐഎംഐഎം നേതാവ് അസസുദ്ദിന്‍ ഉവൈസിയും പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളുടെ പണം കൊണ്ടാണ് മന്ദിരം നിര്‍മ്മിച്ചിരിക്കുന്നതെന്നും എന്നാൽ തൻ്റെ സുഹൃത്തുക്കള്‍ സ്പോണ്സര് ചെയ്ത പണം കൊണ്ടാണ് നിര്‍മ്മിച്ചതെന്ന രീതിയിലാണ് പ്രധാനമന്ത്രിയുടെ പെരുമാറ്റമെന്നും ഉവൈസി ആരോപിക്കുന്നു.
ഏകദേശം 888 ലോക്സഭാ അംഗങ്ങളെയും 300 രാജ്യസഭാ അംഗങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് പുതിയ പാര്‍ലമെൻ്റ് മന്ദിരം. സംയുക്ത സമ്മേളനങ്ങൾക്ക് 1,280 അംഗങ്ങള്‍ക്ക് ഒരുമിച്ച് ഇരിക്കാനും കഴിയുമെന്നാണ് റിപ്പോർട്ടുകൾ. ശബ്ദമില്ലാത്തവരുടെ
ശബ്ദമായി മാറേണ്ട ഇടമാണ് പാർലമെൻ്റന്നും പ്രതിപക്ഷ പാർട്ടികൾ ഓർമ്മിപ്പിക്കുന്നു. അതേസമയം പഴയ പാർലമെൻ്റിന് പകരം അന്താരാഷ്ട്ര നിലവാരത്തിലാണ് പുതിയ മന്ദിരമെന്ന് ബിജെപിയും വ്യക്തമാക്കുന്നു.