യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി യമനിലേക്ക് പോകാൻ അമ്മയ്ക്ക് അനുമതിയില്ല. കുടുംബം ഇപ്പോൾ യമൻ സന്ദർശിക്കുന്നത് യുക്തിപരമല്ലെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നുമാണ് കേന്ദ്രം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് നിമിഷ പ്രിയയുടെ അമ്മയ്ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കത്ത് നൽകി.
യമനയിലെ ആഭ്യന്തര സാഹചര്യങ്ങളാൽ എംബസി ജിബുട്ടിയിലേക്ക് മാറ്റിയിരിക്കുകയാണ്. സനയിലെ സർക്കാരുമായി നിലവിൽ ഔപചാരിക ബന്ധങ്ങൾ ഇല്ല. എന്നാൽ നിമിഷ പ്രിയയുടെ കേസിൽ സാധ്യമായ നടപടികൾ എല്ലാം ചെയ്യുന്നുണ്ടെന്നും കേന്ദ്രം നിമിഷ പ്രിയയുടെ അമ്മയെ അറിയിച്ചു. കൂടാതെ നിമിഷ പ്രിയയുടെ കുടുംബം ഇപ്പോൾ യമൻ സന്ദർശിച്ചാൽ അവിടുത്തെ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരിന് സാധിക്കില്ലെന്നും മന്ത്രാലയം കത്തിൽ വ്യക്തമാക്കി.
യമൻ പൗരൻ തലാൽ അബ്ദുമഹ്ദി 2017-ൽ കൊല്ലപ്പെട്ട കേസിൽ ലഭിച്ച വധശിക്ഷയിൽ ഇളവു നൽകണമെന്ന നിമിഷ പ്രിയയുടെ ആവശ്യം നേരത്തെ യമൻ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീൽ നവംബറിൽ യമൻ സുപ്രീം കോടതിയും തള്ളി. അതിനാൽ ശരിഅത്ത് നിയമ പ്രകാരമുളള ബ്ലഡ് മണി കൊല്ലപ്പെട്ട യമൻ പൗരൻ തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത ഉണ്ടെന്നാണ് നിമിഷ പ്രിയയുടെ കുടുംബത്തിന്റെ വാദം. ഈ ചർച്ചകൾക്കായാണ് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയും മകൾ മിഷേൽ ടോമി തോമസും യമൻ സന്ദർശിക്കാനുള്ള അനുമതി തേടി കേന്ദ്രത്തിന് കത്ത് നൽകിയത്.