സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി റാസൽഖൈമയിൽ സിസിടിവി നിർബന്ധമാക്കി പൊലീസ്. റാസൽഖൈമ പോലീസ് ആവിഷ്കരിച്ച “ഹിമയ പ്രൊട്ടക്ഷൻ” പദ്ധതിയുടെ ഭാഗമായാണ് നടപടി. സിസി ക്യാമറകളുടെ ശൃംഖല കുറ്റകൃത്യങ്ങൾ തടയുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിനും ഉപകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
സിസി ടിവി ഘടിപ്പിക്കൽ നിർബന്ധമാണെന്നും ആർക്കും ഇതിൽനിന്നും ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്നും അധികൃതർ പറഞ്ഞു. മുഴുവൻ സമയം പ്രവർത്തിക്കുന്ന രീതിയിലാകണം ക്യാമറ സ്ഥാപിക്കേണ്ടത്. സർക്കാർ-വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ, പാർക്കിങ് സ്ഥലങ്ങൾ, പള്ളികൾ, സുപ്രധാന സ്ഥലങ്ങൾ, ഹോട്ടലുകൾ, പാലങ്ങൾ, ബാങ്കുകൾ, സ്കൂളുകൾ എന്നിവയുൾപ്പെടെ 23,550 സ്ഥാപനങ്ങളും ഇപ്പോൾ നിരീക്ഷണത്തിലാണ്. പദ്ധതിയുടെ അവസാന ഘട്ടത്തിൽ വാഹനങ്ങളിലും ടാക്സികളിലും ക്യാമറകൾ സ്ഥാപിക്കും.
90 ദിവസം വരെ ഡിജിറ്റൽ ചിത്രങ്ങൾ നിർബന്ധമായും സൂക്ഷിക്കണമെന്നും കുറ്റകൃത്യം നടന്നാൽ ക്യാമറകൾ പരിശോധിക്കാൻ പൊലീസിന് മാത്രമേ അനുമതിയുണ്ടാകുകയുള്ളു എന്നും അധികൃതർ കൂട്ടിച്ചേർത്തു.