മലയാള സിനിമാ പ്രേക്ഷകരെ ഒരിക്കല്‍ കൂടി ത്രില്ലടിപ്പിക്കാന്‍ സേതുരാമയ്യര്‍ സിബിെഎ നാളെ മുതല്‍ പ്രദര്‍ശനത്തിനെത്തുകയാണ്. പരമ്പരയിലെ ആദ്യ നാലെണ്ണവും വിജയ ചരിത്രം കുറിച്ചതിന് ശേഷമാണ് സിബിെഎ 5 തിയേറ്ററിലെത്തുന്നത്.
മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പകരം വെയ്ക്കാനില്ലാത്ത കഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യര്‍ സിബിെഎ. എക്കാലത്തും ആവേശമാകുന്ന സിബിെഎ തീം മ്യൂസിക്കില്‍ അതേ മമ്മൂട്ടി അതേ സേതുരാമയ്യറായി വീണ്ടും എത്തുമ്പോൾ സിനിമാ ചരിത്രം വീണ്ടും തിരുത്തിയെഴുതപ്പെടുകയാണ്. അഞ്ചിലും നായകനായ കഥാപാത്രം. മമ്മൂട്ടിക്കൊപ്പം വിജയപരമ്പരകളുടെ തിരക്കഥാകൃത്ത് എസ്.എല്‍ സ്വാമിക്കും സംവിധായകന്‍ കെ. മധുവിനും അപൂര്‍വ്വ നേട്ടം.
മറ്റൊരു ചരിത്ര നേട്ടം കൂടി സ്വന്തമാക്കിയാണ് സിബിെഎ 5 ദി ബ്രെയിന്‍ എത്തുന്നത്. ദുല്‍ഖറിന്‍റെ കുറുപ്പിന് പിന്നാലെ ദുബായ് ബുര്‍ജ് ഖലീഫയില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ച മലായാള ചിത്രം എന്ന ഖ്യാതിയും സിബിെഎ ഭാഗം അഞ്ച് സ്വന്തമാക്കി. മമ്മൂട്ടിക്കൊപ്പം സിനിമയിലെ മറ്റ് താരങ്ങളായ രഞ്ജി പണിക്കര്‍, രമേഷ് പിഷാരടി, ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ചെയര്‍മാര്‍ അബ്ദുല്‍ സമദ് തുടങ്ങി സിനിമ പിന്നണി പ്രവര്‍ത്തകരുടേയും സാനിധ്യത്തിലായിരുന്നു ബുര്‍ജ് ഖലീഫയിലെ പ്രദര്‍ശനം. ആവേശത്തിരയിളകിയ നിമിഷങ്ങൾ കാണാന്‍ മലയാളി പ്രവാസികൾ തടിച്ചുകൂടിയിരുന്നു.
മലയാളത്തിന്‍റെ ഹാസ്യ സാമ്രാട്ട് ജഗതിയുടെ സ്ക്രീനിലേക്കുളള തിരിച്ചുവരവും സിബിെഎ അഞ്ചിലൂടെയാണ്. സിബിെഎ പരമ്പരയിലെ വിക്രം എന്ന കഥാപാത്രമായിതന്നെയാണ് ജഗതി ശ്രീകുമാറും പ്രത്യക്ഷപ്പെടുന്നത്. വീണ്ടും ജഗതി ശ്രീകുമാറിനെ സ്ക്രീനില്‍ കാണാനുളള ആകാംഷയും സിനിമാ പ്രേക്ഷകരിലുണ്ട്. ബുര്‍ജ് ഖലീഫയിലെ ട്രെയിലറില്‍ ജഗതിയുടെ വിക്രമിനേയും ഉൾപ്പെടുത്തിയിരുന്നു.
1988ല്‍ പുറത്തിറങ്ങിയ സിബിെഎ ഡയറിക്കുറുപ്പാണ് സീരിസിലെ ആദ്യ ചിത്രം. തുടര്‍ന്ന ജാഗ്രത, സേതുരാമയ്യര്‍ സിബിെഎ, നേരറിയാന്‍ സിബിെഎ എന്നീ ചിത്രങ്ങളുമെത്തി. സിനിമ വന്‍ വിജയമാകുമെന്ന ഉറപ്പാണ് അണിയറപ്രവര്‍ത്തകരില്‍നിന്നുളളത്. സിബിെഎ പരമ്പര തുടരുകയാണെന്നും ആറാം ഭാഗത്തിന്‍റെ കഥാതന്തുക്കൾ ആലോചനയിലാണെന്നും ദുബായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മമ്മൂട്ടി വ്യക്തമാക്കി.
#CBI5TheBrain promo trailer has been screened at Burj Khalifa!@mammukka #Mammootty pic.twitter.com/Lyco5qq9Mb
— MFWAI KERALA STATE (@mfwaikerala) April 30, 2022