ഖത്തർ പ്രാഥമികാരോഗ്യ പരിചരണ കോർപ്പറേഷന്റെ (പിഎച്ച്സിസി) കീഴിലുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും കേസ് മാനേജ്മെന്റ് സേവനങ്ങൾ ആരംഭിച്ചു. വിട്ടുമാറാത്ത ഒന്നിലധികം രോഗങ്ങളും സങ്കീർണമായ പരിചരണം ആവശ്യമുള്ളവരുമായ രോഗികൾക്ക് തുടർച്ചയായ സമഗ്ര പരിചരണം ഉറപ്പാക്കുന്നതാണ് കേസ് മാനേജ്മെന്റ് സേവനങ്ങൾ. വിദഗ്ധരായ മൾട്ടി ഡിസിപ്ലിനറി അംഗങ്ങളാണ് ഈ സേവനങ്ങൾ നൽകുന്നത്.
തുടർച്ചയായ പരിചരണം ലഭ്യമാക്കുക, ആശുപത്രി സന്ദർശനം കുറയ്ക്കുക, ഉചിതമായ പരിചരണമാണോ രോഗികൾക്ക് ലഭിക്കുന്നതെന്ന് ഉറപ്പാക്കുക, വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുക എന്നിവയാണ് ഈ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്. ഫാമിലി മെഡിസിൻ മാതൃകയിലുള്ള പരിചരണത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമാണ് കേസ് മാനേജ്മെന്റ് സേവനം.
ഉം സലാൽ, വെസ്റ്റ് ബേ, അൽ വക അൽ വജ്ബ എന്നീ ഹെൽത്ത് സെന്ററുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ കേസ് മാനേജ്മെന്റ് സേവനങ്ങൾ വിജയിച്ചതോടെയാണ് മുഴുവൻ സെന്ററുകളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.