ആലവട്ടവും വെഞ്ചാമരവും കുടമാറ്റവും വെടിക്കെട്ടുമൊക്കെയായി തൃശ്ശൂർ റൗണ്ടിൽ ലോകം മുഴുവൻ അണിനിരക്കുന്ന ഒരു ദിവസമുണ്ട്. ‘പൂരങ്ങളുടെ പൂരം…’ എന്ന് വിശേഷിപ്പിക്കുന്ന തൃശ്ശൂർ പൂരത്തിനായി ലോകത്തെവിടെയായിരുന്നാലും അന്ന് ഓരോ മലയാളിയും തൃശ്ശൂരിലെത്തും. തിക്കിലും തിരക്കിലും ബുദ്ധിമുട്ടിയാണെങ്കിലും അവർ പൂരം കാണാൻ എത്തും. പൂരാവേശം, അത് ഒരു പ്രത്യേക വികാരമാണ്.
ഈ വർഷത്തെ തൃശ്ശൂർ പൂരം ഏപ്രിൽ 19 നായിരുന്നു. ആവേശത്തിനൊപ്പം വിവാദങ്ങളുമുണ്ടായിരുന്നു ഇത്തവണ. വെടിക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പക്ഷെ, പൂരത്തിന്റെ ആവേശത്തിന് ഒരു തരിപൊലും കോട്ടം തട്ടിക്കാൻ ആയില്ല. പൂരം കഴിഞ്ഞെങ്കിലും അടുത്ത വർഷത്തെ പൂരത്തിനായുള്ള കാത്തിരിപ്പിന്റെ ആവേശം ഇപ്പോഴുമുണ്ട് ഓരോ മലയാളിയ്ക്കും. ആ പൂരപ്പെരുമ ബഹ്‌റൈൻ പുനരാവിഷ്കരിക്കുകയാണ്. മെയ് 17 ന് ബഹ്‌റൈനിലെ അധാരി പാർക്ക് ഗ്രൗണ്ട് തൃശ്ശൂർ റൗണ്ടായി മാറും.
തൃശൂർ സംസ്കാരയും ബി.എം.സി ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റിയും സംയുക്തമായാണ് പൂരം നടത്തുന്നത്. മെയ് 17 വെള്ളിയാഴ്ച്ച വൈകുന്നേരം മൂന്നു മണി മുതൽ 11മണി വരെയാണ് പൂരാഘോഷം. നാട്ടിൽ നിന്നും പ്രശസ്ത വാദ്യകലാകാരന്മാരായ കാഞ്ഞിലശ്ശേരി പത്മനാഭനും സംഘവും കൊട്ടിൽ വിസ്മയം തീർത്ത് പൂരത്തിന്റെ മാറ്റുകൂട്ടും. മാത്രമല്ല, ബഹ്‌റൈൻ സോപാനം വാദ്യ കലാസംഘം ഗുരു, മേളകലാരത്നം സന്തോഷ് കൈലാസിന്റെ നേതൃത്വത്തിൽ നൂറിൽപരം വാദ്യകലാകാരന്മാർ ഒന്നിക്കുന്ന സിംഫണിയും ബഹ്‌റൈൻ തൃശ്ശൂർ പൂരത്തിന്റെ മാറ്റ് ഇരട്ടിയാക്കും.
മുത്തുക്കുടകളും വെഞ്ചാമരവും ആലവട്ടവും നെറ്റിപ്പട്ടവുമായി ഇരുവിഭാഗങ്ങളിലും ഫൈബറിൽ തീർത്ത 10 ഗജവീരന്മാർ ഗ്രൗണ്ടിൽ അണിനിരക്കുന്നത് കാണാൻ പ്രവാസി മലയാളികൾ കാത്തിരിക്കുകയാണ്. കൊടിയേറ്റത്തോടെ ആരംഭിക്കുന്ന ചടങ്ങിൽ, കാവടിയാട്ടം, ചെറുപൂരങ്ങൾ, മഠത്തിൽവരവ്, പഞ്ചവാദ്യം,ഇലഞ്ഞിത്തറ മേളം, ഇരുന്നൂറിൽ പരം വർണകുടകളുമായി തിരുവമ്പാടി, പാറമേക്കാവ് വിഭാഗക്കാരുടെ കുടമാറ്റം എന്നിവയും സംഘാടകർ ഒരുക്കിയിട്ടുണ്ട്. ഡിജിറ്റൽ സ്‌ക്രീനിൽ തിരികൊളുത്തുന്ന ഗംഭീര വെടിക്കെട്ടോടുകൂടി ഇത്തവണത്തെ ബഹ്‌റൈൻ തൃശ്ശൂർ പൂരത്തിന് ഉപചാരം ചൊല്ലി പിരിയും. ഈ വിസ്മയ കാഴ്ച കാണാൻ ആർക്കുമെത്താം, പ്രവേശനം തികച്ചും സൗജന്യമാണ്.