ബഹ്റൈനിലെ പുതിയതായി നിയമിക്കപ്പെട്ട ജഡ്ജിമാർ ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. നിയമ മേഖലയിൽ ബഹ്റൈൻ കൈവരിച്ച നേട്ടങ്ങൾ അഭിമാനകരമാണെന്ന് ഹമദ് രാജാവ് പറഞ്ഞു. സാഫിരിയ്യ പാലസിൽ വച്ചായിരുന്നു പുതിയ ജഡ്ജിമാരുമായുള്ള കൂടിക്കാഴ്ച.
കൂടാതെ ജുഡീഷ്യറിയുടെ നിഷ്പക്ഷത ഉറപ്പുവരുത്തുന്നതിനും കഴിവുറ്റവരുടെ സാന്നിധ്യം കൊണ്ട് വ്യതിരിക്തമാക്കാനും സാധിച്ചത് രാജ്യത്തിന്റെ വലിയ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും സാമൂഹിക സുരക്ഷിതത്വവും സമാധാനവും നിലനിർത്തുന്നതിൽ ജുഡീഷ്യറിയുടെ പങ്ക് വളരെ വലുതാണെന്ന് രാജാവ് ചൂണ്ടിക്കാട്ടി.