ഖത്തറിൽ പള്ളികളിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് സഹായിയായി ഒരു ആപ്പ്. പള്ളികളിൽ ക്ലീനിങ് കമ്പനികൾ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനുള്ള സൂപ്പർവൈസർമാരെ സഹായിക്കുന്ന ആപ്പുമായി ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയം. ക്ലീനിങ് കമ്പനികൾക്കെതിരായ പരാതികളും ലംഘനങ്ങളും നേരിട്ട് രജിസ്റ്റർ ചെയ്യുന്നതിന് വേണ്ടി നിരീക്ഷകൻ തന്റെ കൈവശമുള്ള ഐപാഡുമായി പള്ളികൾ സന്ദർശിക്കും. തുടർന്ന് വിവരങ്ങൾ രേഖപ്പെടുത്തുമെന്നും മന്ത്രാലയത്തിലെ അസി. അണ്ടർ സെക്രട്ടറി മുഹമ്മദ് ഹമദ് അൽ കുവാരി പറഞ്ഞു. നിരീക്ഷകൻ രേഖപ്പെടുത്തിയ വിവരങ്ങളും മറ്റു ലംഘനങ്ങളും ഉടനടി ബന്ധപ്പെട്ട വകുപ്പിലും ഉദ്യോഗസ്ഥരിലും ഇതുവഴി എത്തും. കുറ്റക്കാരായ കമ്പനികൾക്കെതിരെ കൃത്യസമയത്ത് നടപടിയെടുക്കാൻ ആപ് സഹായിക്കുമെന്നും അൽകുവാരി കൂട്ടിച്ചേർത്തു.
ഖിദ്മാത്ത് അൽ മസാജിദ് (പള്ളി സേവനങ്ങൾ) എന്ന പേരിലുള്ള ഈ ആപ്പിൽ മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കുന്ന ക്ലീനിങ് കമ്പനികൾക്കു കീഴിലുള്ള പള്ളികളുടെ ദൈനംദിന പ്രവർത്തന റിപ്പോർട്ടുകൾ ഉദ്യോഗസ്ഥർക്ക് ലഭിക്കും. ഖത്തറിൽ 2300ലധികം പള്ളികളുണ്ട്. ലക്ഷക്കണക്കിന് വിശ്വാസികളാണ് ദിനംപ്രതി ആരാധനക്കായി പള്ളികളിലെത്തുന്നതെന്നും അൽ കുവാരി വാർത്തസമ്മേളനത്തിൽ അറിയിച്ചു. പള്ളികളിലെ ശുചിത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി 25 ക്ലീനിങ് കമ്പനികളാണ് നിലവിൽ പ്രവർത്തിക്കുന്നത്.
കമ്പനികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ 45 നിരീക്ഷകരെ മന്ത്രാലയം ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പള്ളികളുടെ ശുചീകരണ സേവനങ്ങൾ നവീകരിക്കുന്നതിനും ശുചീകരണ പ്രവർത്തനങ്ങളുടെ നിരീക്ഷണം സുഗമമാക്കുന്നതിനും ഈ ആപ്പ് സഹായകമാവുമെന്നാണ് കരുതുന്നത്. ഇലക്ട്രോണിക് നിരീക്ഷണ സംവിധാനം കൈകാര്യം ചെയ്യുന്നതിന് സൂപ്പർവൈസർമാരെ പരിശീലിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ ആപ്പ്.
വിശ്വാസികൾക്ക് പള്ളിയുമായി ബന്ധപ്പെട്ട അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനോ പള്ളികൾക്കായി ശുചീകരണ സാമഗ്രികൾ നൽകാനോ സാധിക്കുന്ന സമയം ആപ്പിൽ കൂടുതൽ സേവനങ്ങൾ ചേർക്കുമെന്ന് അൽ കുവാരി പറഞ്ഞു. അതേസമയം പള്ളികളിലെ ദൈനംദിന ശുചീകരണം നിരീക്ഷിക്കുന്നതിനും ശുചിത്വസേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനും ഈ ആപ്പ് സഹായകമാവും. മാത്രമല്ല, ആരാധകരെ സ്വീകരിക്കുന്നതിനും സഹായിക്കുന്ന രീതികൾ വികസിപ്പിക്കുകയാണ് ആപ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയത്തിലെ എൻജിനീയറിങ് കാര്യ വകുപ്പ് മേധാവി മുഹമ്മദ് യൂസുഫ് അൽ ഇബ്രാഹിം പറഞ്ഞു.