2027ൽ നടക്കുന്ന ഏഷ്യൻ കപ്പിന് സൗദി അറേബ്യ ആതിഥേയ രാജ്യമാകും. തെരഞ്ഞെടുപ്പ് ലേല പ്രക്രിയയിൽ നിന്ന് ഇന്ത്യ പിന്മാറിയതോടെ ടൂർണമെൻ്റ് സൗദിയിൽ നടക്കുമെന്ന് ഉറപ്പായി.
ടൂർണമെൻ്റ് നടത്താനായി ഇന്ത്യയും സൗദിയുമാണ് അപേക്ഷ സമർപ്പിച്ചിരുന്നത്. എന്നാൽ ഈ ആവശ്യത്തിൽ നിന്നും ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷൻ പിന്മാറിയതായി ഏഷ്യന്‍ ഫുട്‌ബാള്‍ കോണ്‍ഫഡറേഷന്‍ (എ.എഫ്.സി) സ്ഥിരീകരിച്ചതോടെയാണ് സൗദിയിൽ നടക്കുമെന്ന് വ്യക്തമായത്. ഇന്ത്യ പിന്‍വാങ്ങാനുള്ള കാരണം വ്യക്തമായിട്ടില്ല. കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യയിൽ നടത്താനിരുന്ന അണ്ടർ 17 വനിതാ ലോകകപ്പ് മത്സരങ്ങൾ ഫിഫ റദ്ദാക്കിയിരുന്നു.
ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കാൻ സൗദി, ഖത്തർ, ഇറാൻ, ഇന്ത്യ, ഉസ്‌ബെക്കിസ്താൻ എന്നീ രാജ്യങ്ങൾ രണ്ട് വർഷം മുമ്പ് നൽകിയ അപേക്ഷകൾ എഎഫ്സി പരിശോധിച്ചതിൽനിന്ന് ഇന്ത്യയുടെയും സൗദിയുടെയും അപേക്ഷകൾ മാത്രമാണ് സ്വീകരിച്ചത്.
ഇനി സൗദിക്ക് ഏഷ്യന്‍ കപ്പ് ഫുട്ബാൾ ടൂർണമെൻ്റ് നടത്താനുള്ള അന്തിമ അനുമതി ഫെബ്രുവരി ഒന്നിന് ബഹ്‌റൈനിൽ നടക്കുന്ന എഎഫ്സി റീജ്യനല്‍ യോഗത്തിൽ നൽകിയേക്കും.