ബുര്‍ജ് ഖലീഫയുടെ മുകളിലെത്തിയപ്പോൾ ആലിഫ് മുഹമ്മദ് പറഞ്ഞതിങ്ങനെ. സാധാരണ കട്ടിലില്‍ കയറാന്‍ വരെ പാടാണ്.. ഇന്ന് ലോകത്തിലെ ഏറ്റവും ഉയരമുളള കെട്ടിടത്തില്‍ മുകളില്‍ കയറാന്‍ ഭാഗ്യം ലഭിച്ചു.. ദുബായില്‍ എത്തിയതിന്‍റേയും ബുര്‍ജ് ഖലീഫയില്‍ കയറിയതിന്‍റേയും സന്തോഷം പ്രകടമാക്കുന്ന വാക്കുകളാണ് ആലിഫ് മുഹമ്മദ് പങ്കുവച്ചത്.
കൊല്ലം ശാസ്താംകോട്ട ഡിബി കോളേജ് ക്യാമ്പസിലെ സൗഹൃദമാണ് ഭിന്നശേഷിക്കാരനായ ആലിഫിനേയും സുഹൃത്തുക്കളായ ആര്യ, അര്‍ച്ചന എന്നിവരേയും ദുബായിലെത്തിച്ചത്. സുഹൃത്തുക്കളുടെ സഹായത്തോടെ കോളേജ് ക്യാമ്പസിലെത്തുന്ന ആലിഫിന്‍റെ ചിത്രവും കഥയും നേരത്തെ മലയാളികൾ ഏറ്റെടുത്തിരുന്നു. തുടര്‍ന്നാണ് കൊമേഴ്‌സ് ബിരുദാനന്തര ബിരുദ ധാരികളായ മൂവര്‍ക്കും യുഎഇ സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കിയത്. ആലിഫിന്‍റെ മാതാവും സംഘത്തോടൊപ്പമുണ്ട്.
കോളേജിലുടനീളം എന്ത് ആവശ്യത്തിനും തന്നെ സഹായിക്കാൻ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. സുഹ്യത്തുക്കളാണ് തന്‍റെ ശക്തിയെന്നും ആലിഫ് മുഹമ്മദ് പറയുന്നു. ആലിഫിനൊപ്പം പഠിച്ച 70 അംഗ ബാച്ചിന്‍റെ പ്രതിനിധികൾ മാത്രമാണ് തങ്ങളെന്ന് ആര്യയും അര്‍ച്ചനയും സൂചിപ്പിക്കുന്നു. എല്ലാവരും ആലിഫിനെ ഒപ്പം കൂട്ടിയ സുഹൃത്തുക്കളാണെന്നും ഇരുവരും പറഞ്ഞു. നന്മകളും നല്ല പ്രവൃത്തികളും ആഘോഷിക്കപ്പെടണമെന്ന് സംഘത്തെ ദുബായിലെത്തിച്ച സ്മാർട്ട് ട്രാവൽ ഏജന്‍സി മാനേജിംഗ് ഡയറക്ടർ അഫി അഹമ്മദും പറയുന്നു.
കഴിഞ്ഞ മാർച്ചിലാണ് ഡിബി കോളേജിലെ ഒരു പരിപാടിക്കിടെ ഭിന്നശേഷിക്കാരനായ അലിഫിനെ തോളിലേറ്റുന്ന ആര്യയുടേയും അർച്ചനയുടേയും ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ഇവരുടെ കോളേജ് സീനിയർ ജഗത്ത് പകര്‍ത്തിയ ദൃശ്യങ്ങൾ വൈറലാവുകയായിരുന്നു. ദുബായിലെ കാഴ്ചകൾ സ്വപ്നതുല്യമായ അനുഭവമാണെന്നും സുഹൃത്തുക്കൾ പറയുന്നു. ദുബായില്‍ തൊഴിലവസരങ്ങളും തേടുന്നുണ്ട് മൂവര്‍സംഘം.