മൃഗങ്ങൾക്ക് സ്ഥിരമായി ഭക്ഷ്യോല്പാദനം ഉറപ്പുവരുത്തുന്നതിനായി 211.2 ടൺ തീറ്റ ഉല്പാദിപ്പിച്ച് അൽഐനിലെ മൃഗശാല. സിദ്റ്, ഗഫ്, ചെമ്പരത്തി തുടങ്ങിയ വിവിധയിനം ചെടികൾ പ്രത്യേക നഴ്സറിയിൽ വളർത്തിയാണ് തീറ്റ ഉല്പാദിപ്പിക്കുന്നത്. വൈവിധ്യമാർന്ന മൃഗങ്ങൾക്ക് തനത് ഭക്ഷണശീലങ്ങൾ, പാരിസ്ഥിതിക ആവശ്യങ്ങൾ എന്നിവയെല്ലാം നിറവേറ്റുന്നതിന് മികച്ച സജ്ജീകരണങ്ങളാണ് മൃഗശാലയിൽ ഒരുക്കിയിരിക്കുന്നത്.
മൃഗങ്ങളുടെ ആരോഗ്യത്തിന് ഗുണപ്രദമായ വിഭവങ്ങൾ വളർത്തി ലഭ്യമാക്കുക എന്ന ആശയത്തിൽ നിന്നാണ് അധികൃതർ തീറ്റ ഉല്പാദനത്തിലേയ്ക്കെത്തിയത്. മൃഗങ്ങളുടെ വിവിധ വളർച്ചാഘട്ടങ്ങൾ, പ്രത്യുല്പാദന നില, ആരോഗ്യം എന്നിവയെല്ലാം വിലയിരുത്തിയാണ് ഇവ ലഭ്യമാക്കുന്നത്.
സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരെ തുടർച്ചയായി ആകർഷിക്കുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണിത്. സുസ്ഥിരത, പ്രകൃതി സംരക്ഷണം, വംശനാശഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണം എന്നിവയ്ക്ക് വളരെ പ്രാധാന്യം നൽകുന്നതാണ് അൽ ഐൻ മൃഗശാല. ഉയർന്ന സാംസ്കാരികവും വിനോദപരവുമായ നിലവാരത്തെ അടിസ്ഥാനമാക്കിയുള്ള ഇക്കോടൂറിസം അനുഭവമാണ് ഇവിടം സന്ദർശകർക്ക് നൽകുന്നത്.