യുഎഇയിലെ അൽ ഐൻ പുസ്തക മേളയുടെ 14-മത് പതിപ്പിന് ഇന്ന് തുടക്കം. അൽ ഐനിലെ ഒമ്പത് സ്ഥലങ്ങളിലായാണ് ഈ വർഷത്തെ പുസ്തകമേള സംഘടിപ്പിക്കപ്പെടുന്നത്. ‘എല്ലാ കണ്ണുകളും അൽ ഐനിലേക്ക്’ എന്ന ആശയത്തിലൂന്നിയാണ് മേള ഒരുക്കിയിരിക്കുന്നത്. നവംബർ 25 വരെയാണ് പുസ്തകമേള നടത്തപ്പെടുക.
അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ ആന്റ് ടൂറിസം, അബുദാബി അറബിക് ലാംഗ്വേജ് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പുസ്തക മേള നടത്തപ്പെടുന്നത്. അൽ ഐൻ സ്ക്വയർ, ഹസ്സ ബിൻ സായിദ് സ്റ്റേഡിയം, സായിദ് സെൻട്രൽ ലൈബ്രറി, ഖസ്ർ അൽ മുവൈജി, ബൈത് മുഹമ്മദ് ബിൻ ഖലീഫ, യുഎഇ യൂണിവേഴ്സിറ്റി, അൽ ഖത്തറ ആർട്സ് സെന്റർ, അൽ ഐൻ മാൾ, ബരാരി മാൾ, അൽ ഫൊഅഹ് മാൾ എന്നിവിടങ്ങളിലായാണ് ഇത്തവണ മേള നടത്തപ്പെടുന്നത്.
150-ലധികം പ്രസാധകർ പങ്കെടുക്കുന്ന മേളയിൽ 60,000ലധികം പുസ്തകങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തുടക്കം മുതൽ അൽ ഐൻ ബുക്ക് ഫെയർ എന്ന പേരിൽ നടത്തിവന്നിരുന്ന പുസ്തകമേള കഴിഞ്ഞ പതിപ്പ് മുതലാണ് അൽ ഐൻ ബുക്ക് ഫെസ്റ്റിവൽ എന്ന പേരിൽ നടത്തപ്പെടുന്നത്. മേളയുടെ ഭാഗമായി നിരവധി കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറും.