അജ്മാനിന്റെ വിനോദ സഞ്ചാര പ്രദേശമായ മസ്ഫൂത്തിന്റെ വികസന പദ്ധതികൾ പ്രഖ്യാപിച്ചു. സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമിയാണ് മസ്ഫൂത്ത് വികസന പദ്ധതികൾ പ്രഖ്യാപിച്ചത്. എമിറേറ്റ്സ് വില്ലേജസിന്റെ കീഴിലെ രണ്ടാമത്തെ പദ്ധതിക്ക് നൂറുകോടി ദിർഹമാണ് ചിലവ് പ്രതീക്ഷിക്കുന്നത്.
വിപുലമായ ആരോഗ്യ സേവനങ്ങൾ, ഗുണനിലവാരമുള്ള ഡിജിറ്റൽ വിദ്യാഭ്യാസം, സുസ്ഥിര കാർഷിക സാങ്കേതികവിദ്യ, ഇക്കോ ടൂറിസത്തെ പ്രോത്സാഹിപ്പിക്കൽ, സുസ്ഥിര അടിസ്ഥാന സൗകര്യങ്ങൾ കൈവരിക്കൽ എന്നിവയിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വികസന പദ്ധതിയുടെ ഭാഗമായി കാർഷിക ജലസേചനത്തിനായി ഉപയോഗിക്കുന്ന പുരാതനജല ചാനലുകളുടെ സംവിധാനം, അക്കാദമിക തലത്തിലുള്ള പരിശീലന പരിപാടികൾ, തൊഴിൽ മേഖലകളിൽ പ്രായോഗിക പരിപാടികൾ എന്നിവ ഇതിനോടനുബന്ധിച്ച് നടത്തപ്പെടും.
സർക്കാർ, സ്വകാര്യ മേഖല, പ്രാദേശിക സമൂഹങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടെ എമിറേറ്റ്സ് ഡെവലപ്മെന്റ് കൗൺസിൽ നേതൃത്വം നൽകുന്ന പദ്ധതിയിലൂടെ യുഎഇയിലെ 10 ഗ്രാമങ്ങൾ വികസിപ്പിക്കുകയാണ് ലക്ഷ്യം. ദുബൈ, റാസൽഖൈമ എന്നീ എമിറേറ്റുകളാലും ഒമാനാലും ചുറ്റപ്പെട്ടിരിക്കുന്നതാണ് മസ്ഫൂത്ത് പ്രദേശം. മസ്ഫൂത്ത് മലയിടുക്കുകൾ, 19-ാം നൂറ്റാണ്ടിലെ ചരിത്രപ്രസിദ്ധമായ കോട്ട, 5,000 വർഷത്തെ ചരിത്രം വിവരിക്കുന്ന മ്യൂസിയം, 1815-ൽ പണികഴിപ്പിച്ച ബിൻ സുൽത്താൻ മസ്ജിദ് തുടങ്ങി നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളാണ് ഇവിടെയുള്ളത്.