റിയാദ് – സൗദി അറേബ്യയിലെ നാല് പ്രധാന വിമാനത്താവളങ്ങളിൽ 80 ലേറെ വനിതാ ടാക്സി ഡ്രൈവർമാരെ ഉടൻ നിയമിക്കും. റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട്, ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട്, ദമാമിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ എയർപോർട്ട്, മദീനയിലെ പ്രിൻസ് മുഹമ്മദ് ഇന്റർനാഷണൽ എയർപോർട്ട് എന്നിവിടങ്ങളിലാണ് നിയമനം.
സൗദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയും മാനവവിഭവശേഷി- സാമൂഹിക വികസന മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി. ‘വുമൺസ് ട്രാക്ക്’ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. നാല് വിമാനത്താവളങ്ങളിൽ ഇവർക്കായി പ്രത്യേക സൌകര്യങ്ങൾ ഒരുക്കും.എയർപോർട്ട് ടാക്സികൾ പ്രവർത്തിപ്പിക്കാൻ ലൈസൻസുള്ള പ്രമുഖ കമ്പനികളുമായി കരാറുകളിൽ ഏർപ്പെട്ടുകൊണ്ടാണ് നിയമനം നടപ്പാക്കുക. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ രാജ്യത്തെ മറ്റെല്ലാ വിമാനത്താവളങ്ങളിലും വനിതാ ടാക്സി ഡ്രൈവർമാരെ നിയമിക്കുമെന്നും അതോറിറ്റി അറിയിച്ചു.
ഉപഭോക്തൃ സേവനം, പ്രഥമശുശ്രൂഷ, ഇംഗ്ലീഷ് ഭാഷ തുടങ്ങിയ വൈദഗ്ധ്യങ്ങൾക്ക് പുറമേ, ഡ്രൈവിംഗിൽ അടിസ്ഥാന വൈദഗ്ധ്യം നേടുന്നതിനുള്ള സമഗ്ര പരിശീലന പരിപാടികളും തയ്യാറാക്കിയിട്ടുണ്ട്. ഗതാഗത, ലോജിസ്റ്റിക് സേവന മേഖലയുടെ വികസനത്തിന് പിന്തുണ നൽകുന്നതാണഅ പുതിയ സംവിധാനം.
ദേശീയ കേഡറുകളെ ശാക്തീകരിക്കുന്നതിനും നൽകുന്നതിനും സന്ദർശകരും യാത്രക്കാരും ഉൾപ്പെടെയുള്ള ഗുണഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും തൗതീൻ പ്രോഗ്രാം-2 വഴി പിന്തുണ നൽകുന്നതും ഇതിൽ ഉൾപ്പെടുന്നു.തൊഴിലവസരങ്ങൾ വർദ്ധിക്കുന്നതിനൊപ്പം ആഭ്യന്തര ഉൽപ്പാദന വളർച്ചയിൽ സ്ത്രീകളുടെ സംഭാവന ഉയർത്തുന്നതാണ് പദ്ധതി.