സർവ്വീസ് റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇന്ന് കരിപ്പൂരിലേയ്ക്ക് പറക്കേണ്ടിയിരുന്ന വിമാനത്തിന്റെ സർവ്വീസാണ് റദ്ദാക്കിയത്. ഇതോടെ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രക്കായി തയ്യാറെടുത്തവർ ദുരിതത്തിലായി.
ഇന്ന് ഉച്ചക്ക് 12.30ന് ദോഹയിൽ നിന്ന് പുറപ്പെട്ട് രാത്രി 7.30ഓടെ കരിപ്പൂരിൽ എത്തേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്. സർവ്വീസ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രിയോടെയാണ് കമ്പനി അധികൃതർ യാത്രക്കാർക്ക് അറിയിപ്പ് നൽകിയത്. അതുകൊണ്ടുതന്നെ അത്യാവശ്യമായി യാത്ര ചെയ്യേണ്ടിയിരുന്നവർക്ക് പോലും മറ്റ് വിമാനങ്ങളിൽ ടിക്കറ്റ് ലഭിക്കാത്ത സാഹചര്യമാണുണ്ടായത്. ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് യാത്രക്കാർ.
വേനൽക്കാല അവധി മുൻനിറുത്തി കുടുംബസമേതം ടിക്കറ്റെടുത്തവരും കടുത്ത പ്രതിസന്ധിയിലാണ്. കാരണം 20,000 രൂപ മുടക്കിൽ ഇന്ന് യാത്ര ചെയ്യാനായി എടുത്ത ടിക്കറ്റുകൾക്ക് പകരം മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിയെടുക്കുമ്പോൾ 60,000ന് മുകളിലാണ് നിരക്ക് വരുന്നത്. അതിനാൽ പ്രവാസികൾ ഉൾപ്പെടെയുള്ള നിരവധി പേരുടെ യാത്രയാണ് ദുരിതത്തിലായത്. ഇതോടൊപ്പം മസ്കത്തിൽ നിന്ന് ഇന്ന് രാവിലെ ഏഴിന് പുറപ്പെട്ട് ഉച്ചക്ക് 12.10ന് കോഴിക്കോട് എത്തേണ്ട വിമാനവും ഇത്തരത്തിൽ റദ്ദാക്കിയിട്ടുണ്ട്.