ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-ഡൽഹിയുടെ ഇന്റർനാഷണൽ ക്യാമ്പസായ അബുദാബിയിൽ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. 2024-25 അധ്യയന വർഷത്തിൽ കാമ്പസ് രണ്ട് ബാച്ചിലേഴ്സ് പ്രോഗ്രാമുകളാണ് വാഗ്ദാനം ചെയ്യുന്നത്. കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംഗിലും എനർജി എഞ്ചിനീയറിംഗിലും ബി.ടെകിലേയ്ക്കാണ് ഇത്തവണ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദർശിച്ച വേളയിൽ അബുദാബിയിൽ ഐഐടി-ഡൽഹി കാമ്പസ് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രാലയവും അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പും ഒപ്പുവെച്ചിരുന്നു. അതാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്. ഇപ്പോൾ ആകെ 60 സീറ്റുകളിലേയ്ക്കാണ് അഡ്മിഷൻ നൽകുന്നത്. ഓരോ ബാച്ചുകളിലും 30 സീറ്റുകളാണ് വാഗ്ദാനം ചെയ്യുന്നത്. ആദ്യ ബാച്ചിലെ വിദ്യാർത്ഥികൾക്ക് ഓഗസ്റ്റിലോ സെപ്തംബറിലോ പ്രവേശനം നൽകും.
അക്കാദമിക് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം രണ്ട് രീതികളിലൂടെ ആയിരിക്കും നടത്തപ്പെടുക. കമ്പൈൻഡ് അഡ്മിഷൻ എൻട്രൻസ് ടെസ്റ്റ് (സിഎഇടി) 2024, ജോയിൻ്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ-അഡ്വാൻസ്ഡ്) 2024. ജെഇഇ (അഡ്വാൻസ്ഡ്) യുടെ യോഗ്യതാ മാനദണ്ഡങ്ങളും മറ്റ് വിശദാംശങ്ങളും https : //jeeadv.ac.in/index.htmlൽ ലഭ്യമാണ്. യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാർ, എമിറാത്തികൾ, അന്തർദേശീയ വിദ്യാർത്ഥികൾ എന്നിവർക്ക് അഞ്ച് യോഗ്യതാ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി സിഎഇടിയിൽ പങ്കെടുക്കാൻ അർഹതയുണ്ട്.
അപേക്ഷ സമർപ്പിക്കുന്നവർ ക്ലാസ്/ഗ്രേഡ് XII (അല്ലെങ്കിൽ തത്തുല്യമായ) ബോർഡ് പരീക്ഷയിൽ കുറഞ്ഞത് 75 ശതമാനം മാർക്ക് (അല്ലെങ്കിൽ അതിന് തത്തുല്യമായത്) നേടിയിരിക്കണം, അല്ലെങ്കിൽ അതത് ക്ലാസ്/ഗ്രേഡ് XII (അല്ലെങ്കിൽ തത്തുല്യമായ) ബോർഡ് പരീക്ഷയിൽ മികച്ച 20 ശതമാനം ഉള്ളവരായിരിക്കണം. കൂടാതെ 1999 ഒക്ടോബർ 1-നോ അതിന് ശേഷമോ ജനിച്ചവരായിരിക്കണം. യുഎഇ ദേശീയ നയം അനുസരിച്ച് രണ്ട് വർഷത്തെ പ്രായ ഇളവ് ബാധകമായേക്കാം. അവർക്ക് തുടർച്ചയായി രണ്ട് വർഷങ്ങളിൽ പരമാവധി രണ്ട് തവണ പരീക്ഷയ്ക്കും ശ്രമിക്കാം. അപേക്ഷകൻ ആദ്യമായി ക്ലാസ്/ഗ്രേഡ് 12 (അല്ലെങ്കിൽ തത്തുല്യം) പരീക്ഷയ്ക്ക് നിലവിലെ വർഷത്തിലോ തൊട്ടുമുമ്പുള്ള വർഷത്തിലോ എഴുതിയിരിക്കണം.
സിഎഇടിയുടെ പ്രധാന തീയതികൾ ഇവയാണ്. മെയ് 16 (ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും), ജൂൺ 3 (ഓൺലൈൻ രജിസ്ട്രേഷൻ അവസാനിക്കും), ജൂൺ 14 (അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം), ജൂൺ 23 (പ്രവേശന പരീക്ഷ), ജൂലൈ 7 (ഫലപ്രഖ്യാപനം), ജൂലൈ-ഓഗസ്റ്റ് (സീറ്റ് അലോക്കേഷൻ). യോഗ്യതാ പരീക്ഷകൾ, കേന്ദ്രങ്ങൾ, അപേക്ഷകൾ സമർപ്പിക്കൽ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് https://abudhabi.iitd.ac.in സന്ദർശിക്കുകയോ അല്ലെങ്കിൽ [email protected] എന്ന വിലാസത്തിൽ മെയിൽ അയക്കുകയോ ചെയ്യാം.