സ്വദേശിവത്കരണ നിയമങ്ങൾ ലംഘിച്ച സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ച് യുഎഇ. നിയമലംഘനം നടത്തിയ 1,077 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെയാണ് ഇതിനോടകം നടപടി സ്വീകരിച്ചത്. അതേസമയം 19,000ലധികം സ്ഥാപനങ്ങൾ എമിറേറ്റൈസേഷൻ നിയമങ്ങൾ കൃത്യമായി പാലിച്ചതായും യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി.
2022-ന്റെ പകുതി മുതൽ 2024 ഫെബ്രുവരി 6 വരെയുള്ള കാലയളവിലാണ് 1,077 സ്ഥാനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചത്. എമിറേറ്റൈസേഷൻ നിയമങ്ങൾ മറികടക്കുന്നതിനായി 1,818 എമിറാത്തി ജീവനക്കാരെ നിയമിച്ചതായി വിവിധ സ്ഥാപനങ്ങൾ വ്യാജ രേഖകൾ ഉണ്ടാക്കിയതായും അധികൃതർ പറഞ്ഞു. എമിറാത്തികളെ നിയമിച്ചതായി വ്യാജ രേഖകൾ നിർമ്മിച്ച കമ്പനികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
കമ്പനിയിൽ നിയമിക്കപ്പെട്ടതായി വ്യാജ രേഖകളിൽ കാണിച്ചിട്ടുള്ള ഓരോ എമിറാത്തി ജീവനക്കാരനും 20,000 ദിർഹം മുതലാണ് പിഴ ചുമത്തുക. കൂടാതെ ഇവർക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ തലത്തിലുള്ള നടപടികൾക്കും ശുപാർശ ചെയ്യും. നിയമലംഘനം നടത്തിയ ഇത്തരം സ്ഥാപനങ്ങളെ സ്വകാര്യ സ്ഥാപനങ്ങളെ തരം തിരിക്കുന്ന പട്ടികയിലെ ഏറ്റവും താഴെയുള്ള വിഭാഗത്തിലേയ്ക്ക് തരംതാഴ്ത്തുമെന്നും അധികൃതർ വ്യക്തമാക്കി.