ഇടയ്ക്കിടെ മഴ പെയ്യുന്നതിനാൽ അബുദാബിയിൽ കൊതുക് ശല്യം രൂക്ഷമാകുകയാണ്. കൊതുകുകളെ പൂർണമായും എങ്ങനെ ഇല്ലാതാക്കാം എന്ന ചിന്ത സ്മാർട്ട് ട്രാപ്പിലേയ്ക്കാണ് അധികൃതരെ എത്തിച്ചത്. ഇത് ഫലപ്രദമാണെന്ന് തിരിച്ചറിഞ്ഞതോടെ എമിറേറ്റിലെ വിവിധ ഭാഗങ്ങളിൽ കൊതുകുകളെ കുടുക്കുന്നതിനായി സ്മാർട്ട് ട്രാപ്പുകളും സ്ഥാപിച്ചു.
കൊതുകുകളെ നശിപ്പിക്കുന്നതിനായി അബുദാബി പ്രാഥമികാരോഗ്യ കേന്ദ്രമാണ് സ്മാർട്ട് ട്രാപ്പ് സംവിധാനം ആവിഷ്കരിച്ചത്. അബുദാബിയിൽ കൊതുക് ശല്യമുള്ള 920 കേന്ദ്രങ്ങളിലാണ് ഇപ്പോൾ സ്മാർട്ട് ട്രാപ്പുകൾ സ്ഥാപിച്ചിരിക്കുന്നത്. ട്രാപ്പുകൾക്ക് പുറമെ ഫലപ്രദമായി കൊതുകുകൾ പെരുകുന്നത് തടയാനായി എമിറേറ്റിൽ ബോധവത്കരണ പരിപാടികളും കൊതുകുകൾ പെരുകുന്നത് നിരീക്ഷിക്കാനുള്ള സർവേ സംവിധാനവും നടപ്പിലാക്കിയിട്ടുണ്ട്.
കെട്ടികിടക്കുന്ന വെള്ളമുള്ള സ്ഥലങ്ങൾ, ഉപയോഗിക്കാത്ത സ്വിമ്മിങ് പൂളുകൾ, ഉപയോഗിക്കാതെ കിടക്കുന്ന ടയറുകളിൽ കെട്ടിനിൽക്കുന്ന വെള്ളം തുടങ്ങിയവയിലാണ് കൂടുതലായും കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത്. അതിനാൽ കെട്ടികിടക്കുന്ന വെള്ളം ഒഴിവാക്കി പൊതുജനങ്ങളും കൊതുക് നശീകരണ യജ്ഞത്തിൽ പങ്കാളികളാകണമെന്ന് ആരോഗ്യകേന്ദ്രം ആവശ്യപ്പെട്ടു.