ഡ്രൈവർമാരാണ് നിങ്ങളെങ്കിൽ ശ്രദ്ധിക്കുക. വേഗപരിധി ലംഘനങ്ങളുടെ പിഴപ്പട്ടിക പുറത്തുവിട്ടിരിക്കുകയാണ് അബുദാബി പൊലീസ്. വേഗപരിധി ലംഘനങ്ങൾ കുറയ്ക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് നീക്കം.
വേഗപരിധിയുടെ എട്ട് ലംഘനങ്ങളും അവയ്ക്കുള്ള പിഴകളും ബ്ലാക്ക് പോയിന്റുകളുമാണ് ഡ്രൈവർമാർക്കായി പൊലീസ് പങ്കുവെച്ചിരിക്കുന്നത്.
അനുവദനീയമായതിലും 20 കിലോമീറ്റർ വരെ അമിത വേഗതയിൽ സഞ്ചരിച്ചാൽ 300 ദിർഹമാണ് പിഴയായി അടക്കേണ്ടി വരിക. 20 മുതൽ 30 കിലോമീറ്റർ വരെ 600 ദിർഹവും 30 മുതൽ 40 കിലോമീറ്റർ വരെ വേഗത കൂടിയാൽ 700 ദിർഹവും 40 മുതൽ 50 കിലോമീറ്റർ വരെ വേഗത കൂടിയാൽ 1000 ദിർഹവും 50 മുതൽ 60 കിലോമീറ്റർ വരെ വേഗത കൂടിയാൽ 1,500 ദിർഹം പിഴ ലഭിക്കും. പിഴയ്ക്കൊപ്പം ആറ് ട്രാഫിക് പോയിന്റും ഉണ്ടാകും.
60 കിലോമീറ്ററിൽ അധികം വേഗത കൂടിയാൽ 2,000 ദിർഹം പിഴയും 12 ട്രാഫിക് പോയിൻ്റുമാണ് ചുമത്തുക. 80 കിലോമീറ്ററിൽ അധികമാണ് വേഗതയെങ്കിൽ 3,000 ദിർഹം പിഴയും 23 ട്രാഫിക് പോയിൻ്റും ചുമത്തും. അനുവദനീയമായതിലും കുറഞ്ഞ വേഗതയിൽ വാഹനമോടിച്ചാൽ 400 ദിർഹമാണ് പിഴ.