കാപ്പിറ്റൽ ഫിനാൻസ് ഇന്റർനാഷണലിന്റെ പരിസ്ഥിതി സുസ്ഥിരതാ അവാർഡ് നേടി അബുദാബി. മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും മികച്ച പ്രാദേശിക പരിസ്ഥിതി ഏജൻസിയായാണ് അബുദാബി തിരഞ്ഞെടുക്കപ്പെട്ടത്. 2012ൽ അവാർഡ് ആരംഭിച്ചതിന് ശേഷം ഈ അവാർഡ് നേടുന്ന മിഡിൽ ഈസ്റ്റിലെ ആദ്യത്തെ പരിസ്ഥിതി ഏജൻസിയാണിത്.
പരിസ്ഥിതി സംരക്ഷണത്തിലെ മികവ്, വൻതോതിലുള്ള പ്രോജക്ടുകൾ നടപ്പിലാക്കുന്നതിലെ നീണ്ടകാലത്തെ പ്രവർത്തനങ്ങൾ എന്നിവ കണക്കാക്കിയാണ് അബുദാബി പരിസ്ഥിതി ഏജൻസിയെ അവാർഡിനായി തിരഞ്ഞെടുത്തത്. സ്പീഷീസ് പുനരവലോകനം, സമുദ്ര പുനരുദ്ധാരണം, വായു, സമുദ്രജലത്തിന്റെ ഗുണനിലവാരം നിരീക്ഷിക്കൽ, കാലാവസ്ഥാ വ്യതിയാന പ്രവർത്തനം, ഭൂഗർഭജലത്തിന്റെയും മണ്ണിന്റെയും പരിപാലനം, ഗവേഷണം തുടങ്ങി നിരവധി പദ്ധതികൾ വിലയിരുത്തപ്പെട്ടിരുന്നു.
അബുദാബി എമിറേറ്റിൽ അടിസ്ഥാന സൗകര്യങ്ങൾ അനുവദിക്കുന്നതിലും വിലയിരുത്തുന്നതിലുമുള്ള പരിസ്ഥിതി ഏജൻസിയുടെ കരതലും ശ്രദ്ധ നേടിയിരുന്നു. അംഗീകാരം ലഭിച്ചതിൽ അഭിമാനിക്കുന്നെന്നും, പരിസ്ഥിതി സംരക്ഷണത്തിലും വികസന പ്രവർത്തനങ്ങളിലും അബുദാബിയെ ആഗോള നിലവാരമുള്ളതായി നിലനിർത്താൻ ശ്രമിക്കുമെന്നും നേട്ടം അതിന് പ്രചോദനമാകുമെന്നും ഇഎഡിയുടെ സെക്രട്ടറി ജനറൽ ഡോ. ഷൈഖ സലേം അൽ ദഹേരി പറഞ്ഞു.