യൂറോപ്യൻ ഫിലിം ഫെസ്റ്റിവലിനൊരുങ്ങി അബുദാബി. അബുദാബിയിലെ കൾച്ചറൽ ഫൗണ്ടേഷനുമായി സഹകരിച്ച് യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘമാണ് അബുദാബിയിൽ യൂറോപ്യൻ ഫിലിം ഫെസ്റ്റിവൽ നടത്തുന്നത്. മെയ് 12 മുതൽ 16 വരെ അബുദാബിയിലെ കൾച്ചറൽ ഫൗണ്ടേഷന്റെ തിയേറ്ററിലാണ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കപ്പെടുക.
യുണൈറ്റഡ് അറബ് എമിറേറ്റ്സും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക ബന്ധവും വളർത്തുന്നതിന്റെ ഭാഗമായാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ചെക്ക് റിപ്പബ്ലിക്, എസ്തോണിയ, ഫ്രാൻസ്, അയർലൻഡ്, ഇറ്റലി, ലാത്വിയ, ലിത്വാനിയ, മാൾട്ട, സ്ലോവേനിയ, സ്വീഡൻ എന്നിവയുൾപ്പെടെയുള്ള യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലെ എംബസികളും സാംസ്‌കാരിക സ്ഥാപനങ്ങളും അവതരിപ്പിക്കുന്ന പത്ത് വ്യത്യസ്‌ത യൂറോപ്യൻ ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക.
ഫെസ്റ്റിവലിലേക്കുള്ള പ്രവേശനം പൂർണ്ണമായും സൗജന്യമാണ്. യൂറോപ്യൻ യൂണിയൻ 90-ലധികം രാജ്യങ്ങളിൽ സംഘടിപ്പിക്കുന്ന ആഗോള സംരംഭങ്ങളിലൊന്നാണ് യൂറോപ്യൻ ഫിലിം ഫെസ്റ്റിവൽ.