ഈ വർഷം അവസാനത്തോടെ 109 പുതിയ പാർക്കുകൾ ആരംഭിക്കാനൊരുങ്ങി അബുദാബി. അബുദാബി, അൽ ഐൻ, അൽ ദഫ എന്നിവിടങ്ങളിൽ 12 ബില്യൺ ദിർഹം മൂല്യമുള്ള കമ്മ്യൂണിറ്റി സൗകര്യങ്ങൾ വികസിപ്പിക്കുന്ന ലിവബിലിറ്റി സ്ട്രാറ്റജിയുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമായാണ് പുതിയ പാർക്കുകളുടെ നിർമ്മാണമെന്ന് അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് വകുപ്പ് അറിയിച്ചു.
അബുദാബിയിൽ 70, അൽ ഐനിൽ 30, അൽ ദഫയിൽ 9 എന്നിങ്ങനെ 109 പാർക്കുകൾ ആണ് ഈ വർഷം നിർമ്മിക്കുക. 2025-ഓടെ 277 പുതിയ പാർക്കുകൾ കൂടി നിർമ്മിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. അബുദാബിയിൽ 180, അൽ ഐനിൽ 80, അൽ ദഫ മേഖലയിൽ 17 എന്നിങ്ങനെയാണ് പാർക്കുകൾ നിർമ്മിക്കുക.
അബുദാബിയിൽ ഹരിത വിശ്രമസ്ഥലങ്ങളുടെയും പാർക്കുകളുടെയും എണ്ണം വർധിപ്പിക്കുക വഴി ജനങ്ങൾക്ക് കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സന്തോഷവേളകൾ പങ്കിടുന്നതിനുള്ള വേദിയാണ് അധികൃതർ ലക്ഷ്യമിടുന്നത്. കാൽനട, സൈക്ലിങ് പാതകൾ, സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ, കായിക മൈതാനങ്ങൾ, ക്ലിനിക്കുകൾ, പള്ളികൾ തുടങ്ങിയ കമ്മ്യൂണിറ്റി സൗകര്യങ്ങൾ എന്നിവയുടെ വികസനത്തിന് വേണ്ടിയുള്ള പദ്ധതികളും ആവിഷ്കരിച്ചുകൊണ്ടിരിക്കുകയാണ്.