2023-ലെ ലോകത്തിലെ പ്രമുഖ എയർപോർട്ട് ഓപ്പറേറ്റർ പുരസ്കാരം സ്വന്തമാക്കി അബുദാബി രാജ്യാന്തര വിമാനത്താവളം. 2023-ലെ വേൾഡ് ട്രാവൽ അവാർഡ് ചടങ്ങിൽവെച്ച് അബുദാബി എയർപോർട്ട് കസ്‌റ്റമർ എക്‌സ്‌പീരിയൻസ് ആന്റ് റിലേഷൻഷിപ്പ് മാനേജ്‌മെന്റ് വൈസ് പ്രസിഡൻ്റ് മുന അൽ ഗാനിം അവാർഡ് ഏറ്റുവാങ്ങി.
എയർപോർട്ട് കമ്പനി ദക്ഷിണാഫ്രിക്ക, കെനിയ എയർപോർട്ട് അതോറിറ്റി, ലെസാഞ്ചലസ് വേൾഡ് എയർപോർട്ട്സ്, മലേഷ്യ എയർപോർട്ട്സ്, ഒമാൻ എയർപോർട്ട് എന്നിവയിൽ നിന്നാണ് അവാർഡിനായി അബുദാബി വിമാനത്താവളത്തെ തിരഞ്ഞെടുത്തത്. അബുദാബി രാജ്യാന്തര വിമാനത്താവളത്തിൻ്റെ പുതിയ ടെർമിനലായ എയുടെ പ്രവർത്തനം ഉൾപ്പെടെയുള്ളവ വേദിയിൽ അവാർഡ് കമ്മിറ്റി പ്രത്യേകം ചൂണ്ടിക്കാട്ടിയിരുന്നു.
2019-2021 കാലയളവിൽ തുടർച്ചയായി ഒമാൻ എയർപോർട്ടും 2022-ൽ മലേഷ്യ എയർപോർട്ടുമാണ് ഈ അവാർഡ് നേടിയിരുന്നത്. മിഡിൽ ഈസ്റ്റിലെ മികച്ച എയർപോർട്ടായി ഹമദ് ഇൻ്റർനാഷണൽ എയർപോർട്ടാണ് തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം സ്ഥാനത്ത് ദുബായ് ഇന്റർനാഷണൽ എയർപോർട്ടും മൂന്നാം സ്ഥാനത്ത് ബഹ്റിൻ ഇന്റർനാഷണൽ എയർപോർട്ടുമാണ്.