അബുദാബിയിൽ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്. അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആന്റ് ട്രാൻസ്പോർട്ട് പുറത്തുവിട്ട കണക്കുകൾ പ്രകരം കഴിഞ്ഞ ആറ് മാസത്തിനിടെ അബുദാബിയിൽ പൊതുഗതാഗതം ഉപയോഗിച്ചത് 8.5 കോടിയിലധികം യാത്രക്കാരാണ്. 2022-ൽ ഇതേ കാലയളവിനെ അപേക്ഷിച്ച് 23 ശതമാനമാണ് വളർച്ച ഉണ്ടായിരിക്കുന്നത്.
ആറ് മാസത്തിനിടെ അബുദാബിയിൽ 4.37 കോടി ടാക്സി യാത്രകളും 3.94 കോടി പൊതുബസ് സർവ്വീസുകളുമാണ് രേഖപ്പെടുത്തിയത്. വാടക ടാക്സി വാഹനങ്ങൾ 24 ലക്ഷം ട്രിപ്പുകളും നടത്തിയതായാണ് റിപ്പോർട്ട്. 2022-ന്റെ ആദ്യ പകുതിയിൽ എമിറേറ്റിൽ 6.95 കോടി ജനങ്ങളാണ് പൊതുഗതാഗതം ഉപയോഗിച്ചത്. അബുദാബിയിലെ പൊതുഗതാഗതത്തിന്റെ അടിസ്ഥാന സൗകര്യങ്ങളാണ് ഈ വർധനവിന് കാരണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.