ഹുദൈരിയാത്ത് ദ്വീപിനെ താമസകേന്ദ്രമാക്കി മാറ്റാൻ അബുദാബി മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു. 51 ദശലക്ഷം ചതുരശ്ര മീറ്ററിലാണ് പദ്ധതി നടപ്പിലാക്കുക. മോഡോൺ പ്രോപ്പർട്ടീസുമായി സഹകരിച്ചാണ് ദ്വീപിന്റെ പകുതിയിലേറെ സ്ഥലത്ത് പദ്ധതി ആവിഷ്കരിക്കുന്നത്. യുഎഇ നേതാക്കളുടെ കാഴ്ചപ്പാടുകൾക്ക് അനുസരിച്ചാണ് പദ്ധതി ഒരുക്കുന്നതെന്ന് അബുദാബി ധനകാര്യ വകുപ്പിന്റെയും മോഡോൺ പ്രോപ്പർട്ടീസിന്റെയും ചെയർമാനായ ജാസിം അൽ സഅബി പറഞ്ഞു.
അബുദാബി നഗരത്തിന്റെയും കടൽ തീരത്തിന്റെയും പനോരമിക് ദൃശ്യം ലഭ്യമാകുന്ന രീതിയിലാവും താമസകേന്ദ്രം ഒരുക്കുക. വിനോദ കേന്ദ്രങ്ങൾ, വാണിജ്യ സംരംഭങ്ങൾ, അവശ്യസേവനങ്ങൾ, ഉദ്യാനങ്ങൾ, 220 സൈക്കിൾ ട്രാക്ക് ശൃംഖല എന്നിവ ഉൾപ്പെട്ടതാണ് പദ്ധതി. ഇത് പ്രവർത്തികമാകുന്നതോടെ അബുദാബിയിൽ 16 കിലോമീറ്റർ ബീച്ച് ഉൾപ്പെടെ 53.5 കിലോമീറ്റർ തീരപ്രദേശം കൂടി ലഭിക്കും.
ഹുദൈരിയാത്ത് ദ്വീപിൽ ഇതിനോടകം പാലം, ബോട്ട്, ജെറ്റ് സ്കൈയിങ്, വെൽക്രോൺ അബുദാബി, സർഫ് അബുദാബി, ജനപ്രിയ ഇക്കോ ടൂറിസം കേന്ദ്രം, ബാബ് അൽ നുജൂം റിസോർട്ട്, മർസാന ബീച്ച്, ഒസിആർ പാർക്ക്, ട്രെയിൽ എക്സ്, ബൈക്ക് പാർക്ക്, 321 സ്പോർട്സ് തുടങ്ങിയ ഒട്ടേറെ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സർഫ് അബുദാബി ഈ വർഷം അവസാനത്തോടെ തുറക്കും. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ തിരമാലകൾ ഉള്ള സ്ഥലമായി ഹുദൈരിയാത്ത് ദ്വീപ് മാറും.