അബുദാബിയിലെ സർക്കാർ ഭവന നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി അധികൃതർ. സർക്കാർ ഉടമസ്ഥതയിലുള്ള വില്ലകൾ അനധികൃതമായി വാടകയ്‌ക്കെടുക്കുകയോ പ്രോപ്പർട്ടികളിൽ കടകൾ സ്ഥാപിക്കുകയോ ചെയ്യുന്നവർ ഉൾപ്പെടെ സർക്കാർ ഭവന നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെയാണ് നടപടി സ്വീകരിക്കുക.
സർക്കാർ ഭവനങ്ങൾ ഉദ്ദേശിച്ച ഉപയോഗത്തിനല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നാണ് നിയമം. നിയമലംഘകർക്ക് കുറ്റകൃത്യം പരിഹരിക്കുന്നതിനും അവരുടെ ഭവന വ്യവസ്ഥകൾ ശരിയാക്കുന്നതിനും ഒരു മാസത്തെ ഗ്രേസ് പിരീഡ് നൽകുമെന്നും അതിനുശേഷം നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
അബുദാബി ഹൗസിംഗ് അതോറിറ്റിയുടെയും മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്റെയും നേതൃത്വത്തിൽ ഭവന ലംഘനങ്ങൾ തടയുന്നതിനായി ഫീൽഡ് സർവേ കാമ്പെയ്ൻ നടത്താനാണ് തീരുമാനം. അതോടൊപ്പം പൊതുജനങ്ങൾക്ക് ഇത്തരം നിയമലംഘനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചാൽ അധികൃതരെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.